
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി. റെയ്ഡിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണമല്ലെന്നും ഇ ഡിയുടെ വിശദീകരണം. അനധികൃത പണമിടപാടുകളില്‍ വീണ ടിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇ ഡി വ്യക്തമാക്കി. കേസില്‍ കുടൂതല്‍ ചോദ്യം ചെയ്യലുകള്‍ ഉടന്‍ നടക്കുമെന്നും ഇ ഡി പറഞ്ഞു. വീണക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടി ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പില്‍ ഇ ഡിയുടെ വിശദീകരണം.
തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ലെന്നും ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
