അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് വെള്ളത്തിനടിയിൽ വെച്ച ക്യാമറ കണ്ടെത്തി

അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തടാകത്തിനടിയിൽ സ്ഥാപിച്ച ക്യാമറ കണ്ടെത്തി. ലോക്ക് നെസ് മോൺസ്റ്ററിന്റെ ഫോട്ടോ എടുക്കാൻ 55 വർഷം മുമ്പാണ് വെള്ളത്തിനടിയിൽ അണ്ടർവാട്ടർ ക്യാമറ സ്ഥാപിച്ചത്. സ്കോട്ടിഷ് നാടോടിക്കഥകളിൽ പറയുന്ന ഒരു ജീവിയാണ് ലോക്ക് നെസ് മോൺസ്റ്റർ അഥവാ നെസ്സി. ഒരു റോബോട്ട് സബ്മറൈനാണ് ആകസ്മികമായി ഈ ക്യാമറ കണ്ടെത്തിയത്.

ലോക്ക് നെസ് മോൺസ്റ്റർ സ്കോട്ടിഷ് പർവ്വതപ്രദേശത്തെ ലോക് നെസ് തടാകത്തിൽ വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ ജീവി ശരിക്കും ഉള്ളതാണോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്.

ബോട്ടി മക്ബോട്ട്ഫേസ് എന്ന സബ്മറൈനാണ് ക്യാമറ കണ്ടെത്തിയത്. 1960 -കളിൽ വെള്ളത്തിൽ നെസ്സിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനു വേണ്ടി രൂപീകരിച്ച ലോക്ക് നെസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് വെള്ളത്തിൽ 180 മീറ്റർ (591 അടി) താഴെയായി ക്യാമറ വച്ചത് എന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ക്യാമറയിൽ നെസ്സിയുടെ ദൃശ്യങ്ങളൊന്നും തന്നെ പതിഞ്ഞതായി കണ്ടെത്തിയിട്ടില്ല. പക്ഷേ, അന്തർവാഹിനിയിലെ എഞ്ചിനീയർമാരിൽ ഒരാൾക്ക് തടാകത്തിന്റെ കലങ്ങിയ വെള്ളത്തിന്റെ കുറച്ച് ചിത്രങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

1970 -കൾ മുതൽക്ക് തന്നെ ലോക്കിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ദി ലോക്ക് നെസ് പ്രോജക്റ്റിലെ അഡ്രിയാൻ ഷൈൻ ആണ് ഈ ക്യാമറ തിരിച്ചറിയാൻ സഹായിച്ചത്. അന്ന് വിവിധയിടങ്ങളിൽ വച്ചിരുന്ന ആറ് ക്യാമറകളിൽ ഒന്നായിരിക്കാം ഇത് എന്നാണ് അദ്ദേഹം പറയുന്നത്. മൂന്ന് ക്യാമറകൾ ഒരു കൊടുങ്കാറ്റിൽ കാണാതായി എന്നും അദ്ദേഹം പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *