Your Image Description Your Image Description

തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന് സ്കൂൾ കുട്ടികൾ അയച്ച കത്തുകൾ പങ്കുവച്ച് ബെന്യാമിൻ. കത്തുകള്‍ സ്വപ്‌നമായി മാറുന്ന ഡിജിറ്റല്‍ കാലത്ത് ഏറ്റവും പുതിയ തലമുറയിലെ വായനക്കാരായ കുഞ്ഞു കൂട്ടുകാരുടെ കുറേ കത്തുകള്‍ എന്ന് പറഞ്ഞുകൊണ്ടെഴുതിയ കുറിപ്പിനൊപ്പമാണ് അദ്ദേഹം കത്തുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കുട്ടികള്‍ മലയാളം മറക്കുന്നു, അവര്‍ക്ക് അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അറിയില്ല എന്നെല്ലാം ആരോപണം നിലനില്‍ക്കുന്ന കാലത്ത് നാലാംക്ലാസിലും ആറാം ക്ലാസിലുമെല്ലാം പഠിക്കുന്ന കുട്ടികള്‍ എത്ര രസകരമായും അക്ഷരശുദ്ധിയോടെയും മനോഹരമായ കൈപ്പടയിലുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത് എന്ന് കുറിപ്പില്‍ ബെന്യാമിന്‍ പറയുന്നു.

കത്തുകള്‍ എഴുതിയ കുട്ടികളേയും അവരുടെ അധ്യാപകരേയും സ്‌കൂളിനേയും കുറിപ്പില്‍ എഴുത്തുകാരന്‍ എടുത്തു പറഞ്ഞു. തങ്ങളുടെ സ്‌കൂളില്‍ ഒരു ദിവസം വരണം എന്ന് കുട്ടികള്‍ കത്തില്‍ ആവശ്യപ്പെട്ടതുപോലെ ഒരു ദിവസം വരാമെന്നും ബെന്യാമിന്‍ പോസ്റ്റിലൂടെ ഉറപ്പുനല്‍കി. വായനയും പുസ്തകങ്ങളും സാഹിത്യവും എന്നും കൂട്ടായിരിക്കട്ടെ എന്ന് അദ്ദേഹം കുട്ടികളെ ആശംസിച്ചു. പൊതുവിദ്യാലയങ്ങള്‍ എല്ലാ മേഖലയിലും മികവുറ്റ ഒരു ഭാവി തലമുറയെ സൃഷ്ടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് ബെന്യാമിന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കത്തുകള്‍ ഒരു സ്വപ്നമായി മാറുന്ന ഡിജിറ്റല്‍ കാലത്ത് ഏറ്റവും പുതിയ തലമുറയിലെ വായനക്കാരായ കുഞ്ഞു കൂട്ടുകാരുടെ കുറേ കത്തുകള്‍. നമ്മുടെ കുട്ടികള്‍ മലയാളം മറക്കുന്നു, അവര്‍ക്ക് അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അറിയില്ല എന്നൊക്കെ ആരോപണം നിലനില്‍ക്കുന്ന കാലത്ത് നാലിനും ആറിലും ഒക്കെ പഠിക്കുന്ന ഈ കുട്ടികള്‍ എത്ര രസകരമായും അക്ഷരശുദ്ധിയോടെയും മനോഹരമായ കൈപ്പടയിലുമാണ് ഈ കത്തുകള്‍ എഴുതിയിരിക്കുന്നത് എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

കത്തുകള്‍ എഴുതിയ പൂഴിക്കാട് ഗവ. യു.പി.എസിലെ കാദംബരി വി., ഋഷിനന്ദ് ആര്‍., ദ്രുതി വി. ദീപു, മുഹമ്മദ് ഫര്‍ഹാന്‍ അലോന സുനില്‍, ഋതുനന്ദ ആര്‍., ഋതിക എസ്. എന്നീ കൊച്ചു കൂട്ടുകാര്‍ക്കും അവരെ അതിനായി പ്രോത്സാഹിപ്പിച്ച അധ്യാപകര്‍ക്കും സ്‌നേഹം. എല്ലാ കൂട്ടുകാരുടെയും ഒരു ആവശ്യം തങ്ങളുടെ സ്‌കൂളില്‍ ഒരു ദിവസം വരണം, നേരിട്ട് കാണണം എന്നാണ്. തീര്‍ച്ചയായും ഒരു ദിവസം വരാം. വായനയും പുസ്തകങ്ങളും സാഹിത്യവും എന്നും നിങ്ങള്‍ക്ക് കൂട്ടായിരിക്കട്ടെ. പൊതുവിദ്യാലയങ്ങള്‍ എല്ലാ മേഖലയിലും മികവുറ്റ ഒരു ഭാവി തലമുറയെ സൃഷ്ടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Related Posts