തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് സാധിക്കില്ല. സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നതെങ്കിലും പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ പ്രോസിക്യൂഷൻ അനുമതിക്കായി എസ്ഐടി ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല.
ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസു, മുൻ പ്രസിഡന്റ് എ. പത്മകുമാർ എന്നിവരുൾപ്പെടെ പ്രതികളായ കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായതായി എസ്ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, മുൻ ദേവസ്വം അധികൃതരും മുൻ സർക്കാർ ഉദ്യോഗസ്ഥരുമായ 13 പേർക്കെതിരെ കുറ്റപത്രം നൽകണമെങ്കിൽ ആഭ്യന്തര, ദേവസ്വം, നിയമ വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷമുള്ള പ്രോസിക്യൂഷൻ അനുമതി നിർബന്ധമാണ്.
ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ 22-ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ മാസം അവസാനത്തോടെ മാത്രമേ അനുമതി തേടൂ എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയായ ദ്വാരപാലക കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സെപ്റ്റംബർ 22-ന് കേസ് പരിഗണിക്കുമ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിലെ വീഴ്ചയിൽ എസ്ഐടി കോടതിയിൽ എന്ത് വിശദീകരണം നൽകുമെന്നത് നിർണായകമാണ്.
