
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയില്‍ യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സമയമായിട്ടില്ലെന്നും ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതില്‍ മുൻ സര്‍ക്കാരുകള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇത്തരമൊരു രൂക്ഷമായ പ്രതിസന്ധി ഉണ്ടായിട്ടില്ലല്ലോ? എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ കണക്കുകള്‍ കൂടി പുറത്തുവിടണമെന്ന് സുരേഷ് ഗോപി മറുപടി നല്കി. സര്‍ക്കാരിനെതിരെ ബോധപൂര്‍വ്വം വിമര്ശനമുയര്ത്താന് മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും, ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ ദുഷ്ടലാക്കുണ്ടെന്നും അദേഹം പറഞ്ഞു.
