
ഇന്ത്യൻ റെയിൽവേയുടെ യാത്രാ, ചരക്ക് ഗതാഗത മേഖലകളിൽ ഓഗസ്റ്റ് മാസത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. 2026 ഓഗസ്റ്റിൽ 67.27 കോടി യാത്രക്കാരാണ് റെയിൽവേയെ ആശ്രയിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 64.43 കോടിയെ അപേക്ഷിച്ച് യാത്രാ വിഭാഗത്തിൽ വലിയ വർദ്ധനവാണുണ്ടായത്. നഗരമേഖലകളിലെ ലോക്കൽ ട്രെയിനുകളിലും കടുത്ത തിരക്ക് അനുഭവപ്പെട്ടു.
ചരക്ക് നീക്കത്തിൽ 137.9 ദശലക്ഷം ടൺ കൈകാര്യം ചെയ്തുകൊണ്ട് 5.4 ശതമാനം വാർഷിക വളർച്ച നേടാനും റെയിൽവേയ്ക്ക് സാധിച്ചു. ചരക്ക് സേവന വരുമാനത്തിൽ 6.27 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. കഴിഞ്ഞ മാസം അഞ്ച് പുതിയ ഗതി ശക്തി കാർഗോ ടെർമിനലുകൾ കൂടി തുറന്നതോടെ രാജ്യത്തെ ആകെ സജീവ ടെർമിനലുകളുടെ എണ്ണം 149 ആയി ഉയർന്നു.
യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സർവീസുകളായി ഓടിയിരുന്ന 14 അമൃത് ഭാരത് ട്രെയിനുകൾ റെയിൽവേ സ്ഥിരപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ അമൃത് ഭാരത് സർവീസുകളുടെ എണ്ണം 86 ആയി. സുബേദാർഗഞ്ച് – ലോക്മാന്യ തിലക്, ഗോരഖ്പൂർ – ഡൽഹി, അഹമ്മദാബാദ് – ഭഗൽപൂർ തുടങ്ങിയ പ്രധാന റൂട്ടുകളിലെ സർവീസുകളാണ് സ്ഥിരപ്പെടുത്തിയത്. കൂടാതെ, രക്ഷാബന്ധൻ വാരത്തിലെ തിരക്ക് പരിഗണിച്ച് 144 പ്രത്യേക സർവീസുകളും റെയിൽവേ വിജയകരമായി നടത്തി.
