Your Image Description Your Image Description

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ കോട്ടൂര്‍ എകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടീച്ചർ ആള് ചില്ലറക്കാരിയല്ല കേട്ടോ. വിഷയമേതായാലും ക്ലാസെടുക്കാന്‍ ടീച്ചർ തയ്യാർ. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിമിഷങ്ങൾക്കകം ഉത്തരം. ഭാഷ ഒരു പ്രശ്നമേയല്ല. സംസ്‌കൃതമുള്‍പ്പെടെ 51 ഭാഷകള്‍ ടീച്ചര്‍ കൈകാര്യം ചെയ്യും. ടീച്ചറിനെ കണ്ടപ്പോൾ കുട്ടികളിലും കൗതുകമായി.

അത് ഏത് ടീച്ചറാണെന്നല്ലേ. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ട് ടീച്ചര്‍ അക്മിറ(AKMIRRA) ആണത്. ഈ അധ്യാപികയ്ക്ക് വിദ്യാര്‍ഥികളുടെ വൈകാരിക മാറ്റങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാനാവും. സ്‌കൂള്‍ ഉള്‍പ്പെടുന്ന മലപ്പുറത്തിന്റെ പ്രാദേശിക ഭാഷാശൈലിയില്‍വരെ ഇത് മറുപടി നല്‍കും. അടല്‍ ടിങ്കറിങ് ലാബിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായി നിര്‍മിച്ച എഐ ടീച്ചറുടെ രൂപകല്പനയ്ക്കുപിന്നില്‍ അധ്യാപകനായ സി.എസ്. സന്ദീപ് ആണ്.

അഡ്വാന്‍സ്ഡ് നോളേജ് ബെയ്സ്ഡ് മെഷീന്‍ ഫോര്‍ ഇന്റലിജന്റ് റെസ്‌പോണ്‍സീവ് റോബോട്ടിക് അസിസ്റ്റന്‍സ് എന്നതാണ് അക്മിറയുടെ പൂര്‍ണരൂപം. അദ്ഭുതത്തെയും യഥാര്‍ഥസത്യത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണുകള്‍ എന്നാണ് ‘അക്മിറ’ എന്ന വാക്കിന്റെ അര്‍ഥം. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സ്വയംപഠിച്ച് സ്വയം ഉള്ളടക്കമൊരുക്കി പഠിപ്പിക്കുകയാണ് ഇതുചെയ്യുക. കുട്ടികളുടെ വികാരങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഒരു യഥാര്‍ഥ ടീച്ചറെപ്പോലെ പോലെ കുട്ടികളോട് സംവദിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ അലികടവണ്ടി, പ്രഥമാധ്യാപിക കെ.കെ. സൈബുന്നീസ എന്നിവര്‍ പറഞ്ഞു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.റംല, മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി. ഇഫ്ത്തിഖാറുദീന്‍ അധ്യക്ഷനായി. വാര്‍ഡംഗം എം. മുഹമ്മദ് ഹനീഫ, സ്‌കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി, കെ. മറിയ, എന്‍. വിനീത, സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്‌മാന്‍, എടിഎല്‍ കോഡിനേറ്റര്‍ ജസീം സയ്യാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts