Your Image Description Your Image Description

വാഷിംഗ്ടണ്‍: ഭൂമിയുടെ ഭ്രമണത്തിന് വേഗം കൂടുന്നുവെന്ന് ശാസ്ത്രജ്ഞർ. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ എര്‍ത്ത് റൊട്ടേഷന്‍ ആന്‍ഡ് റഫറന്‍സ് സിസ്റ്റംസ് സര്‍വീസ് (IERS) അടക്കമുള്ളവ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വേഗത്തിലുള്ള കറക്കം തുടര്‍ച്ചയായി സംഭവിക്കുന്നു എന്നതിനാല്‍ 2029-ല്‍ ക്ലോക്കുകളില്‍ നിന്ന് ഒരു ലീപ് സെക്കന്‍ഡ് ഒഴിവാക്കേണ്ടി വന്നേക്കാം എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

എന്നാല്‍ ഈ പ്രവണത 2025 വരെ മാത്രമേ തുടരൂ എന്നാണ് timeanddate.com റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മൂന്ന് ദിവസങ്ങള്‍ ജൂലായ് 9, ജൂലായ് 22, ഓഗസ്റ്റ് 5 എന്നിവയായിരിക്കും. ഇവയില്‍ ഏറ്റവും കുറഞ്ഞത് ഓഗസ്റ്റ് 5 ആയിരിക്കും. സാധാരണ 24 മണിക്കൂറിനേക്കാള്‍ ഏകദേശം 1.51 മില്ലിസെക്കന്‍ഡ് കുറവായിരിക്കും ഈ ദിവസത്തിന്റെ ദൈര്‍ഘ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതെല്ലാം വിചിത്രമായി തോന്നാമെങ്കിലും ഭൂമിയുടെ ഭ്രമണം എല്ലായ്പ്പോഴും ദീര്‍ഘകാലയളവില്‍ മാറിയിട്ടുണ്ട്. ഉദാഹരണത്തിന് ദിനോസറുകള്‍ 23 മണിക്കൂര്‍ ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യമുള്ള സമയത്താണ് ജീവിച്ചിരുന്നത്. വെങ്കലയുഗത്തില്‍ ശരാശരി ദിവസം ഇന്നത്തെക്കാള്‍ ഏകദേശം അര സെക്കന്‍ഡ് കുറവായിരുന്നു. ഇനി 200 ദശലക്ഷം വര്‍ഷം കഴിയുമ്പോള്‍ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. സാധാരണയായി ഒരു ദിവസത്തിന് 24 മണിക്കൂര്‍ അഥവാ 86,400 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമായും കൃത്യമല്ല. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍, വേലിയേറ്റങ്ങള്‍, ഭൂഗര്‍ഭ മാറ്റങ്ങള്‍ എന്നിവ പോലുള്ള പല കാര്യങ്ങള്‍ക്കും ഭൂമിയെ അല്‍പം വേഗത്തിലോ സാവധാനത്തിലോ കറക്കാന്‍ കഴിയും.

ഭൂമിയുടെ കറക്കം സാവധാനത്തിലാകുക എന്നതായിരുന്നു മൊത്തത്തിലുള്ള പ്രവണതയെങ്കിലും, 2020 മുതല്‍ അസാധാരണമായ എന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ അപ്രതീക്ഷിത വേഗം വര്‍ധിക്കല്‍ വിദഗ്ദ്ധരെ അമ്പരപ്പിച്ചിരിക്കുകയാണെന്ന് മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ലിയോനിഡ് സോട്ടോവ് timeanddate.com-നോട് പറഞ്ഞു. ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ കാരണം കണ്ടെത്താന്‍ ലക്ഷ്യമിട്ട് 2022-ല്‍ നടത്തിയ ഒരു പഠനത്തില്‍ സോട്ടോവും പങ്കാളിയായിരുന്നു.

എന്നാല്‍ ഇതുവരെ ഒരു മാതൃകയ്ക്കും ഇത് പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇതിനുള്ള ഉത്തരം ഭൂമിയുടെ ഉള്ളിലാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഒരുപക്ഷേ അകക്കാമ്പില്‍ എന്തെങ്കിലും സംഭവിക്കുന്നുണ്ടാവാം. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും മാറ്റങ്ങള്‍ ഈ വേഗത വര്‍ധനയെ വിശദീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറയുന്നു. ഈ പ്രവണത തുടര്‍ന്നേക്കാമെങ്കിലും നമ്മള്‍ ദിനോസര്‍ കാലഘട്ടത്തിലെ ദിവസങ്ങളിലേക്ക് മടങ്ങുന്നു എന്നതിന്റെ സൂചനയല്ല ഇത്. കാലക്രമേണ ഭ്രമണം സാവധാനത്തിലാകുക എന്നതാണ് ഭൂമിയുടെ ദീര്‍ഘകാല സ്വാഭാവിക പ്രവണത. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നത് പോലുള്ള കാര്യങ്ങളും ഉപരിതല മാറ്റങ്ങളും ഇതിനെ ബാധിക്കാമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts