Your Image Description Your Image Description

ഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ യാത്രികന്‍ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട സംഘം ക്വാറന്റീനില്‍ പ്രവേശിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയ (ISS) ത്തിലേക്കുള്ള ആക്‌സിയോം മിഷന്‍-4 (എഎക്‌സ്-4) നുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ജൂണ്‍ 8-നാണ് ദൗത്യം. ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ യാത്രികനാകും ശുക്ല. ദൗത്യത്തില്‍ പൈലറ്റിന്റെ റോള്‍ ആയിരിക്കും അദ്ദേഹം വഹിക്കുക എന്നാണ് വിവരം. ആക്‌സിയോം സ്‌പേസ് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പിന് പിന്നാലെയാണ് ക്രൂ ക്വാറന്റീനില്‍ പ്രവേശിച്ചത്. ഈ ദൗത്യം വിജയകരമാകുമെന്ന് ഉറപ്പുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ബഹിരാകാശ യാത്രികര്‍ ആരോഗ്യവാന്മാരാണെന്നും രോഗവിമുക്തരാണെന്നും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന പ്രോട്ടോക്കോളാണ് ലോഞ്ചിന് മുമ്പുള്ള ഈ ക്വാറന്റീന്‍. സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണിത്. ഒരാള്‍ക്ക് ഏതെങ്കിലും അസുഖം വരുന്ന സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന് മാത്രമല്ല ആസമയത്ത് സ്റ്റേഷനുള്ള മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാം. മാത്രമല്ല, സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തില്‍ (microgravity) ബഹിരാകാശ യാത്രികരുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്, ഇത് അവരെ അണുബാധകള്‍ക്ക് കൂടുതല്‍ ഇരയാക്കുന്നു. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ക്വാറന്റീന്‍ ആവശ്യമായി വരുന്നത്. ലോഞ്ചിന് 14 ദിവസം മുമ്പ് മുതലാണ് സാധാരണയായി ക്വാറന്റീന്‍ കാലയളവ്. ഈ സമയത്ത്, ബഹിരാകാശ യാത്രികരെയും ഒരു ചെറിയ സഹായ സംഘത്തെയും ലോഞ്ച് സൈറ്റിനടുത്തുള്ള ഒരു കേന്ദ്രത്തില്‍ പാര്‍പ്പിക്കും.

പൊതുജനങ്ങളില്‍ നിന്നുള്ള കര്‍ശനമായ ഒറ്റപ്പെടല്‍, മെച്ചപ്പെട്ട ശുചിത്വ നടപടികള്‍, ദിവസേനയുള്ള ആരോഗ്യ നിരീക്ഷണം, പരിമിതമായ ശാരീരിക സമ്പര്‍ക്കം എന്നിവ ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോളുകള്‍ പാലിക്കും. അവസാന ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശീലന പരിപാടികളും ഒറ്റപ്പെട്ട മുറികളില്‍ വെച്ചാണ് നടത്തുന്നത്, ഇത് രോഗാണുക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഏതെങ്കിലും ക്രൂ അംഗത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍, അവരെ കൂടുതല്‍ മാറ്റി പാര്‍പ്പിക്കുകയും ദൗത്യത്തിന് യാതൊരു അപകടവും ഉണ്ടാകാതിരിക്കാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. എഎക്‌സ്-4 നുള്ള തയ്യാറെടുപ്പിനായി നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍, ജര്‍മ്മനിയിലെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കേന്ദ്രം, വിവിധ സ്‌പേസ് എക്‌സ് ലൊക്കേഷനുകള്‍ എന്നിവിടങ്ങളില്‍ വെച്ച് യാത്രികര്‍ കഠിന പരിശീലനം നേടിയിരുന്നു.

ഈ ദൗത്യം ഇന്ത്യക്ക് മാത്രമല്ല, പോളണ്ടിനും ഹംഗറിക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 1984-ല്‍ രാകേഷ് ശര്‍മ്മ നടത്തിയ യാത്രയ്ക്ക് ശേഷം ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നു എന്നതാണ് പ്രാധാന്യം. നാസയുടെ മുതിര്‍ന്ന ബഹിരാകാശ യാത്രികനും ആക്‌സിയോം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണോടൊപ്പമാണ് ശുക്ല പറക്കുന്നത്. വിറ്റ്‌സണ്‍ ആയിരിക്കും ദൗത്യത്തിന് നേതൃത്വം നല്‍കുക. പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സ്ലാവോഷ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപുവും ഈ സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts