Your Image Description Your Image Description

ന്യൂഡല്‍ഹി: ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ വീണ്ടും റഫാല്‍ യുദ്ധവിമാനങ്ങൾ വാങ്ങും. വ്യോമസേനയ്ക്ക് വേണ്ടി 114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മള്‍ട്ടിറോര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ( എം.ആര്‍.എഫ്.എ) ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികളെ മറികടന്ന് ഇന്ത്യ ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കാനായി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിനും സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പുറമെയാണ് എം.ആര്‍.എഫ്.എ പദ്ധതിയില്‍ 114 റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ആലോചന നടക്കുന്നത്.

വ്യോമസേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ പരിചിതമായി മാറിയിട്ടുണ്ട്. ഇത്രയധികം വിമാനങ്ങള്‍ വാങ്ങുന്നതിനാല്‍ ഇന്ത്യയില്‍ ദസ്സോ ഏവിയേഷന്‍ റഫാലിന് വേണ്ടി ഫൈനല്‍ അസംബ്ലി ലൈന്‍ തയ്യാറാക്കിയേക്കുമെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി ഒരു ഇന്ത്യന്‍ പ്രതിരോധ കമ്പനിയുമായി സഹകരിക്കും. ഇന്ത്യയില്‍ റഫാല്‍ വിമാനം നിര്‍മിക്കാനുള്ള അസംബ്ലി ലൈന്‍ തയ്യാറാകുന്നത് വരെ ഫ്രാന്‍സില്‍നിന്ന് കുറച്ചെണ്ണം നിര്‍മിച്ച് കൈമാറും. ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കണമെന്നുണ്ടെങ്കില്‍ കുറഞ്ഞത് 100 യൂണിറ്റുകളെങ്കിലും വാങ്ങണമെന്ന് ദസ്സോ ഏവിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റിയന്‍ ലെകോണുവിന്റെ ഇന്ത്യാ സന്ദര്‍ശവേളയില്‍ 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് ദി പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ എന്നാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്ത്യയിലേക്കെത്തുന്നത് എന്നത് വ്യക്തമല്ല. ഈ വര്‍ഷം തന്നെ കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ ശേഷി കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts