
ന്യൂയോർക്ക്: ലോകവ്യാപകമായി ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടെ, ഐക്യരാഷ്ട്ര പൊതുസഭയിൽ കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ സദസിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടന്നു. കൂടാതെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പ്രതിഷേധിച്ച് ഹാളിൽനിന്ന് ഇറങ്ങിപ്പോയി. ഇസ്രയേലിന്റെ സൈനിക നടപടികളെ ഉയർത്തിക്കാട്ടിയ നെതന്യാഹു ഇറാൻ, തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെയും ന്യൂയോർക്ക് മേയർ മംദാനിയെയും രൂക്ഷമായി വിമർശിച്ചു.
ഇതിനിടെ, ലെബനനിലെ ഇറാൻ അനുകൂല ഹിസ്ബുള്ള പ്രവർത്തകർക്കെതിരെ 2024 സെപ്റ്റംബറിൽ ഇസ്രയേൽ നടത്തിയ പേജർ ആക്രമണത്തെ പരാമർശിക്കവെ നെതന്യാഹു പ്രസംഗത്തിനിടെ ഒരു പേജർ ഉപകരണം ഉയർത്തിക്കാട്ടുകയും ചെയ്തു. “പേജറുകൾ ഓർക്കുന്നുണ്ടോ? ഹിസ്ബുല്ല തീർച്ചയായും അവ ഓർക്കുന്നുണ്ടാകും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇസ്രയേൽ സൈനികർ ഏഴ് മുന്നണികളിൽ യുദ്ധം ചെയ്തുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. “ന്യൂജേഴ്സിയുടെ വലുപ്പമുള്ള മറ്റേതെങ്കിലും രാജ്യത്തിന് മൂന്ന് വർഷം ഏഴ് മുന്നണികളിൽ യുദ്ധം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?” എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഇറാനെതിരായ രൂക്ഷ വിമർശനവും പ്രസംഗത്തിൽ നിറഞ്ഞുനിന്നു. ഇറാൻ ഭരണകൂടത്തെ “കൊലപാതക സ്വേച്ഛാധിപത്യം” എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രയേലിനെ ലക്ഷ്യമിട്ട് ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്ന് താൻ പ്രതിജ്ഞ ചെയ്തിരുന്നുവെന്നും, ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികൾ ഇറാന്റെ ആണവായുധ വികസന ശേഷിയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇറാൻ നേതൃത്വത്തിന്റെ പതനം അധികം അകലെയല്ലെന്നും നെതന്യാഹു അവകാശപ്പെട്ടു. യുഎൻ വേദിയിലെ ഇറാൻ പ്രതിനിധിയുടെ ഒഴിഞ്ഞിരുന്ന സീറ്റിൽ കൊല്ലപ്പെട്ട ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
