Home » Blog » kerala Max » നദിയിൽ നിന്ന് കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ അപകടം; എട്ട് പേർ മുങ്ങിമരിച്ചു
dead-1-680x450

ഉത്തര കന്നഡയിലെ തട്ടെ ഹക്കലു നദിയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ ഒരുകുടുംബത്തിലെ എട്ടുപേർ മുങ്ങിമരിച്ചു. ഭദ്കൽ താലൂക്കിലെ ശിരാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച 14 അംഗങ്ങളുള്ള സംഘം നദിയിലിറങ്ങിയതായിരുന്നു. നദിയുടെ ആഴമുള്ള ഭാഗത്തേക്ക് എത്തിയതോടെ ഇവർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഉമേഷ് മഞ്ജുനാഥ് നായക് (40), ലക്ഷ്മി മഹാദേവ് നായക് (42), ലക്ഷ്മി ജട്ടപ്പ നായക് (30), ലക്ഷ്മി അപ്പണ്ണ നായക് (60), ലക്ഷ്മി ശിവറാം നായക് (49), ജ്യോതി മസ്തമ്മ നായക് (34), മാലതി നായക് (38), മസ്തമ്മ നായക് (60) എന്നിവരാണ് മരിച്ചത്. ഇതിൽ ഏഴുപേരും സ്ത്രീകളാണ്. അപകടത്തിൽപ്പെട്ടവരിൽ നാഗരത്ന, മഹാദേവി എന്നീ രണ്ടുപേരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ കൂടി കാണാതായിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.