ചെന്നൈ: കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഡി.എം.കെ.യെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നു. 20ലേറെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം ഡി.എം.കെ.യിൽനിന്നുള്ള എം.പിമാർക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ. ഇപ്പോൾ ചില നിബന്ധനകളോടെ അതിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. കേന്ദ്രമന്ത്രിസഭയിലേക്കുള്ള ഡി.എം.കെ.യുടെ പ്രവേശനത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബി.ജെ.പി.യുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ഡി.എം.കെ. നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗവുമല്ല. തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡി.എം.കെ.യും കോൺഗ്രസും തമ്മിലുള്ള അകലം വർധിച്ചത്.
പാർലമെന്റിലെ ഡി.എം.കെ.യുടെ അംഗബലം കേന്ദ്രസർക്കാരിന് നിർണായകമാകുമെന്നതാണ് മറ്റൊരു പ്രധാന ഘടകം. ലോക്സഭയിൽ 22 എം.പിമാരും രാജ്യസഭയിൽ എട്ട് എം.പിമാരുമാണ് ഡി.എം.കെ.യ്ക്കുള്ളത്. സുപ്രധാന ബില്ലുകൾ പാസാക്കുമ്പോൾ ഡി.എം.കെ.യുടെ പിന്തുണ കേന്ദ്രസർക്കാരിന് ഗുണകരമാകും. അടുത്തിടെ ലോക്സഭാ സ്പീക്കർ ഓം ബിർള നടത്തിയ ചായ സത്കാരത്തിൽ ഡി.എം.കെ. എം.പി. കനിമൊഴി പങ്കെടുത്തതും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിലേക്കുള്ള ഡി.എം.കെ.യുടെ പ്രവേശനത്തിന്റെ സൂചനയായാണ് ചില ഉത്തരേന്ത്യൻ മാധ്യമങ്ങൾ ഇതിനെ വിലയിരുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ നിലവിൽ 29 മന്ത്രിമാരും 39 സഹമന്ത്രിമാരുമാണുള്ളത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ സജീവമായത്. എന്നാൽ ഡി.എം.കെ.യെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണെങ്കിലും അന്തിമ തീരുമാനം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
