Your Image Description Your Image Description

ജഡ്ജിയായി ചുമതലയേറ്റ് 16 വയസ്സുകാരൻ. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി ഹെൻറി ബക്ക്ലി. മസാച്യുസെറ്റ്സിലെ ഹിംഗാം ആണ് ഹെൻറി ബക്ക്ലിയുടെ സ്വദേശം. ചരിത്രപരമായ നേട്ടം എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 16 വയസ്സും മൂന്ന് ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ്, ഹെൻറി ബക്ക്ലി ‘ജസ്റ്റിസ് ഓഫ് ദി പീസ്’ ആയി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്. അതും തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഉദ്യോ​ഗസ്ഥരോടൊപ്പം.

‘ഞാൻ ജസ്റ്റിസ് ഓഫ് പീസ് ആയി ചുമതലയേറ്റു എന്ന് പറയുമ്പോൾ ആളുകൾക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ പ്രയാസമാണ്, അത് മനസ്സിലാക്കാവുന്നതേയുള്ളൂ’ എന്നാണ് ഹെൻറി ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞത്.

പബ്ലിക് സർവീസിൽ വലിയ താല്പര്യമായിരുന്നു ഹെൻ‍റിക്ക്. പ്രായം ആ പ്രയത്നത്തിൽ നിന്നും അവനെ പിന്തിരിപ്പിച്ചില്ല. ചെറുപ്പം മുതലേ നിയമപരമായും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെല്ലാം താല്പര്യമുണ്ടായിരുന്നു ഹൈസ്കൂൾ വിദ്യാർത്ഥിയായ ഹെൻ‍റിക്ക്. അവന്റെ മുത്തച്ഛൻ മസാച്യുസെറ്റ്സിലെ അറിയപ്പെടുന്ന അറ്റോർണിയും രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്ന ആളുമായിരുന്നു. മുത്തച്ഛനായിരുന്നു അവന്റെ പ്രധാനപ്പെട്ട പ്രചോദനവും. മറ്റൊന്ന് ടെലവിഷനായിരുന്നു.

‘ആൻഡി ഗ്രിഫിത്ത് ഷോ’ എന്ന പ്രോ​ഗ്രാമായിരുന്നു അവന് ഏറ്റവും പ്രിയം. അതിലെ പ്രധാന കഥാപാത്രമായ ആൻഡി ടെയ്‌ലർ, പട്ടണത്തിന്റെ പ്രിയപ്പെട്ട ഷെരീഫും ജസ്റ്റിസ് ഓഫ് ദി പീസും ആണ്. അതുപോലെ തന്റെ പട്ടണമായ ഹിംഗാമിലും അങ്ങനെ ഒരാളായിത്തീരാൻ ഞാൻ ആ​ഗ്രഹിച്ചു എന്നാണ് അവൻ പറയുന്നത്.

മസാച്യുസെറ്റ്സിലെ നിയമപ്രകാരം ഇത്തരമൊരു പൊസിഷനിലേക്ക് എത്തുന്നതിന് പ്രായം ഒരു തടസമായിരുന്നില്ല. അങ്ങനെ ഹെൻ‌‍റി വളരെ നേരത്തെ തന്നെ അതിനുള്ള പ്രയത്നം ആരംഭിച്ചു. വിശദമായ നടപടിക്രമങ്ങളും കടമ്പകളും ഓരോന്നായി കടന്നാണ് ഒടുവിൽ അവൻ ‘ജസ്റ്റിസ് ഓഫ് ദി പീസ്’ ആയി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

ജസ്റ്റിസ് ഓഫ് ദി പീസ് നിയമനം സാധാരണയായി ഏഴ് വർഷത്തേക്കാണ്. രേഖകൾ നോട്ടറൈസ് ചെയ്യുക, വിവാഹങ്ങൾ നടത്തുക, ആവശ്യമെങ്കിൽ പൊതുകാര്യങ്ങളിൽ ഇടപെടുക തുടങ്ങിയ നിരവധി ചുമതലകൾ നിർവഹിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts