Home » Blog » kerala Max » ജയന്റ് വീലിൽ മുടി കുരുങ്ങി യുവതിക്ക് ദാരുണാപകടം; തലയോട്ടി വേർപെട്ടു, ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
GIANT-WHEELA-680x450

മുംബൈ: ജയന്റ് വീൽ കറങ്ങുന്നതിനിടെ തലമുടി കുടുങ്ങി 25കാരിക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ യവത്മാളിൽ വെള്ളിയാഴ്ച നടന്ന പ്രാദേശിക മേളയിലാണ് അപകടം. ഫുൽസവാംഗി സ്വദേശിനി ബാലി മരോതി താലികോട്ടെയുടെ തലമുടി ജയന്റ് വീലിൽ കുടുങ്ങിയതിനെ തുടർന്ന് തലയോട്ടിയിലെ തൊലി വേർപെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യവത്മാൾ ജില്ലയിലെ മഹാഗാവ് താലൂക്കിൽ നടന്ന തൻഹ പോള ഉത്സവത്തോടനുബന്ധിച്ചുള്ള മേളയിലായിരുന്നു സംഭവം. ജയന്റ് വീൽ വേഗത്തിൽ കറങ്ങുന്നതിനിടെ യുവതിയുടെ സീറ്റിന് പിന്നിലുണ്ടായിരുന്ന റോളിങ് ബെയറിങ്ങിൽ തലമുടി കുടുങ്ങുകയായിരുന്നു. കറക്കം ശക്തമായതോടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം കണ്ട് പരിഭ്രാന്തരായ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും ചേർന്ന് ജയന്റ് വീൽ നിർത്തുകയായിരുന്നു.

യുവതിയുടെ അലർച്ചയും രക്തം വാർന്നൊഴുകുന്നതും കണ്ടതോടെ മേളയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുനിൽ അംഭൂരെ, പോലീസ് കോൺസ്റ്റബിൾ സുഹാസ് കായ്തെ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ ജയന്റ് വീൽ നിർത്തി യുവതിയെ താഴെയിറക്കി. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

ജയന്റ് വീലിന്റെ ശക്തമായ കറക്കത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മേളയ്ക്കിടെ ഉണ്ടായ സംഭവം പ്രദേശത്ത് ആശങ്കയ്ക്കിടയാക്കി. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇത്തരം വിനോദോപകരണങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് അപകടത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *