Your Image Description Your Image Description

ന്യൂഡല്‍ഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നൽകിയ തിരിച്ചടികൾ പാകിസ്ഥാന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനെ ഇന്ത്യ ആക്രമിക്കുമ്പോഴും തിരിച്ചടികളെല്ലാം പാളിയതിന്റെ വൈഷമ്യത്തിലാണ് പാകിസ്ഥാന്‍. മിസൈലുകളും ഡ്രോണുകളും വിമാനങ്ങളുമടക്കം ഇന്ത്യ വെടിവെച്ചിട്ടു. തിരിച്ച് ഇന്ത്യ നടത്തിയ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനും സാധിച്ചില്ല. ഭാവിയിലെങ്കിലും പരാജയപ്പെടാതിരിക്കാന്‍ ചൈനയെ സമീപിച്ചിരിക്കുകയാണ് പാകിസ്ഥാനെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ സ്വന്തമായി വികസിപ്പിച്ച ഫത്താ മിസൈലുകള്‍ക്ക് ഇന്ത്യയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇന്ത്യയ്‌ക്കെതിരെ ഫത്താ-1, ഫത്താ-2 മിസൈലുകള്‍ പാകിസ്ഥാന്‍ പ്രയോഗിച്ചിരുന്നു. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളാണ് ഇവയെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ഇതിനൊപ്പം ചൈനീസ് നിര്‍മിത സിഎം-400എകെജി മിസൈലുകളും പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചു. ജെഎഫ്-17 യുദ്ധവിമാനത്തില്‍ നിന്നാണ് ഈ മിസൈല്‍ പാകിസ്ഥാന്‍ പ്രയോഗിച്ചത്. എന്നാല്‍ എല്ലാ ആക്രമണശ്രമങ്ങളും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുകളഞ്ഞു.

ഇന്ത്യയുടെ എസ്-400 മിസൈല്‍ സംവിധാനം തകര്‍ത്തത് ഈ ചൈനീസ് മിസൈലാണെന്ന് പാകിസ്ഥാനും ചൈനീസ് മാധ്യമങ്ങളും അവകാശപ്പെട്ടിരുന്നു. അത് കള്ളമാണെന്ന് ഇന്ത്യ തെളിയിക്കുകയും ചെയ്തു. ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനത്തെ മറികടക്കാന്‍ ഈ മിസൈലുകള്‍ക്ക് സാധിക്കാതെ വന്നതോടെ ചൈനയില്‍നിന്ന് ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. ചൈനയില്‍നിന്ന് സാങ്കേതിക വിദ്യ വാങ്ങി, സ്വന്തം പ്രതിരോധ ഗവേഷണ വിജയമെന്ന് വരുത്തിക്കാണിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നാണ് കരുതുന്നത്.

ചൈനീസ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ വാങ്ങാനാണ് പാക് ശ്രമം. ചൈനയുടെ ഡിഎഫ്-17 മിസൈല്‍ സംവിധാനത്തിലാണ് പാകിസ്താന്റെ നോട്ടം. ശബ്ദത്തേക്കാള്‍ അഞ്ചുമുതല്‍ 10 മടങ്ങുവരെ വേഗം കൈവരിക്കാന്‍ കഴിയുന്ന മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണ് ഡിഎഫ്-17.

നിലവില്‍ ഇന്ത്യ സ്വന്തമായി ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്രഹ്‌മോസിന്റെ ഹൈപ്പര്‍സോണിക് പതിപ്പും ഗവേഷണത്തിലാണ്. ഈ സാഹചര്യത്തില്‍ മേഖലയില്‍ ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാനാണ് ചൈനയെ ആശ്രയിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഭാവിയിലെ സംഘര്‍ഷം മുന്നില്‍ കണ്ടാണ് പാകിസ്ഥാന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts