Your Image Description Your Image Description

മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9-ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പിൽമുറ്റത്ത്പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്. പ്രദക്ഷിണ വഴിയിൽ പതിച്ചതിനാൽ അക്ഷരങ്ങൾ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തിൽ പെരുമാളിന്റെ പേര് കൃത്യമായി വായിച്ചെടുക്കാമെങ്കിലും ഭരണവർഷം സൂചിപ്പിക്കുന്ന ഭാഗം അവ്യക്തമാണ്.

കോതരവിപ്പെരുമാളിന്റെ ഭരണകാലത്ത് ക്ഷേത്രത്തിൽ ചെയ്ത ഏതോ വ്യവസ്ഥയാണ് ലിഖിതപരാമർശം. ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും എന്ന് കല്ലിന്റെ താഴേ ഭാഗത്ത് വ്യക്തമായി വായിച്ചെടുക്കാനാകും. കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസറായ കെ. കൃഷ്ണരാജാണ് ലിഖിതം തിരിച്ചറിഞ്ഞ് മുദ്രപ്പകർപ്പ് തയ്യാറാക്കിയത്. അക്ഷരങ്ങൾ തേഞ്ഞുമാഞ്ഞു പോയതിനാൽ കൃത്യവും പൂർണ്ണവുമായ പാഠം തയ്യാറാക്കാൻ നന്നേ ഞെരുക്കമാണെന്നും പെരുമാൾ രേഖകളിൽ കാണുന്ന പതിവുകാര്യങ്ങളൊക്കെത്തന്നെയാണ് ഈ രേഖയിലുള്ളതെന്ന് തെളിവുള്ള വരികളെ ആധാരമാക്കി പറയാമെന്നും ലിഖിതം പരിശോധിച്ച പ്രമുഖ ലിപിപണ്ഡിതൻ ഡോ. എം. ആർ. രാഘവവാരിയർ അഭിപ്രായപ്പെട്ടു. കോതരവിപ്പെരുമാളിന്റേതായി 10 ലിഖിതങ്ങളാണ് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. പതിനൊന്നാമത്തേതാണ് തൃക്കലങ്ങോടു നിന്ന് കൈവന്ന ഈ രേഖയെന്നും അദ്ദേഹം പറഞ്ഞു.

കോത രവിയുടെ പതിനഞ്ചാം വർഷത്തിലെ ചോക്കൂർ ലിഖിതത്തിലാണ് മൂഴിക്കളവ്യവസ്ഥ ആദ്യം പരാമർശിക്കുന്നന്നതു്. തൃക്കലങ്ങോട് ലിഖിതം അതിനു മുമ്പാണെങ്കിൽ മൂഴിക്കളക്കച്ചം പരാമർശിക്കുന്ന  ആദ്യത്തെ രേഖ ഇതായിരിക്കുമെന്ന് പ്രശസ്ത ചരിത്രകാരനായ ഡോ. കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു. ഭരണ വർഷം വ്യക്തമല്ലാത്തതിനാൽ ഇക്കാര്യത്തിൽ തീർപ്പുകല്പിക്കുക സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പുരാവസ്തു വകുപ്പിലെ എക്‌സ്‌കവേഷൻ അസിസ്റ്റന്റ്  വിമൽകുമാർ വി.എ.ക്ഷേത്ര ക്ഷേമ സമിതിയുടെ സെക്രട്ടറിയായ ദീപേഷ് മേലേടത്ത്മുഖ്യ രക്ഷാധികാരികളായ മോഹൻലാൽജയപ്രകാശ് ബാബുപ്രസിഡന്റ് സജീവ് കുമാർ ക്ഷേത്ര തന്ത്രി കക്കാട്ടില്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരികഴകം ജീവനക്കാരനായ കേശവൻ നമ്പീശൻ എന്നിവരും പരിശോധനാവേളയിൽ സന്നിഹിതരായിരുന്നു.

Related Posts