Home » Blog » Kerala » കോഴിക്കോട് കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത; സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസ് കണ്ടെത്തി
20

കോഴിക്കോട്: ചേവായൂർ മഠത്തിൽമുക്കിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇറക്കമിറങ്ങി റോഡിലൂടെ കുറഞ്ഞ വേഗത്തിൽ എത്തിയ കാർ പെട്ടെന്ന് തീപിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപത്തെ ഫാക്ടറിയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. മതിലിൽ ഇടിച്ച ആഘാതത്തിൽ കാറിന് തീപിടിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ, സമീപത്തുനിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസ് കണ്ടെത്തിയതും മറ്റ് സാഹചര്യങ്ങളും സംഭവത്തിൽ സംശയം വർധിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ഇത് സ്വാഭാവിക അപകടമായിരിക്കാമെന്ന നിഗമനത്തിന് കൂടുതൽ ആക്കം കൂട്ടുന്നു. ജീവനൊടുക്കിയതാണോ കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശിയും വാഹന, വസ്തു ഇടപാട് വ്യാപാരിയുമായ സി.പി. സുധാകരനാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. ബിസിനസ് ആവശ്യത്തിനായി കൊയിലാണ്ടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുധാകരൻ പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു. മെഡിക്കൽ കോളേജ് എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *