
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് വെട്ടിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. പാകിസ്ഥാന്റെ നടപടി നിർഭാഗ്യകരമാണെന്നും മോദി വിചാരിച്ചാൽ പാകിസ്ഥാനെ ലോകഭൂപടത്തിൽനിന്ന് തന്നെ ഇല്ലാതാക്കാൻ കഴിയുമെന്നും ഷിൻഡെ പറഞ്ഞു. ഒരു ചിത്രം നീക്കം ചെയ്തതുകൊണ്ട് 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മായ്ച്ചുകളയാനാകില്ലെന്നും ഷിൻഡെ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
“പാകിസ്ഥാൻ ചെയ്തത് തികച്ചും നിർഭാഗ്യകരമാണ്. പാകിസ്ഥാൻ എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ എനിക്ക് പറയാനുള്ളത്, അവർ മോദിജിയുടെ ചിത്രം നീക്കം ചെയ്തിട്ടുണ്ടാകാം, പക്ഷേ മോദിജി വിചാരിച്ചാൽ ലോകഭൂപടത്തിൽ നിന്ന് തന്നെ പാകിസ്ഥാനെ ഇല്ലാതാക്കാൻ കഴിയും”- ഏക്നാഥ് ഷിൻഡെ പറഞ്ഞു.
പഹൽഗാമിൽ ഭീകരർ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയെന്നും ഷിൻഡെ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം 11 വ്യോമസേനാ ക്യാമ്പുകൾ തകർക്കുകയും പാകിസ്ഥാനെ മുട്ടുകുത്തിക്കുകയും ചെയ്തു. ഇന്ത്യൻ സായുധ സേനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് പാകിസ്ഥാൻ ഒരിക്കലും ഇന്ത്യയോട് ഇത്തരത്തിലുള്ള കളികൾക്ക് മുതിരരുതെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയരായ നേതാക്കളിൽ ഒരാളായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
