Home » Blog » Kerala » നടപടിയുമായി ദേവസ്വം ബോര്‍ഡും; സണ്ണി കപിക്കാട് ജയിലിലേക്കോ?
sunny m kapikad

കോടിക്കണക്കിന് ഭകതരുടെ ആരാധനാമൂര്‍ത്തിയായ സ്വാമി അയ്യപ്പനെ അധിക്ഷേപിച്ച് സംസാരിച്ച ദളിത് ആക്ടിവിസ്റ്റ് സണ്ണി കപിക്കാട് ശരിക്കും കുരുക്കിലായി. വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി എത്തിയതോടെ സണ്ണി കപിക്കാടിനെതിരെ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. തിരൂര്‍ പോലീസ് സണ്ണി കപിക്കാടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ തിരൂര്‍ പോലീസ് കേസ് എടുത്തത്. സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ അപലപിച്ച് ഒട്ടേറെ സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി എന്നീ സംഘടനകളൊക്കെ സണ്ണി എം കപിക്കാടിനെതിരെ നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

പന്തളം കൊട്ടാരവും സണ്ണി കപിക്കാടിനെതിരെ രംഗത്തുണ്ട്. വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സണ്ണി എം. കപിക്കാട് രംഗത്ത് വന്നെങ്കിലും പ്രശ്നം കൈവിട്ട അവസ്ഥയിലാണ്. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തര്‍ സണ്ണി കപിക്കാടിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ദേവസ്വം ബോര്‍ഡും സണ്ണി കപിക്കാടിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. നാളത്തെ ബോർഡ് യോഗത്തിൽ സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. പരാമർശം വിശ്വാസികളെ മുറിവേൽപ്പിക്കുന്നതാണെന്നും അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന്‌ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്. ജാതിഭേദമന്യേ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ആരാധനാ കേന്ദ്രമാണ് ശബരിമല. വിശ്വാസമാണ് അയ്യപ്പൻ. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കും. നാളത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗം പി.ഡി. സന്തോഷ് കുമാർ പ്രതികരിച്ചത്.

അയ്യപ്പനെ മോശമായി ചിത്രീകരിച്ച സണ്ണി കപിക്കാടിന്റെ പ്രതികരണം വിവാദമായപ്പോള്‍ ദേവസ്വം ബോര്‍ഡ് മൗനത്തിലായിരുന്നു. ദേവസ്വം ബോര്‍ഡ് മൗനത്തിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ തന്നെയാണ് നിയമ നടപടി സ്വീകരിക്കാനുള്ള നീക്കവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തുന്നത്. ശബരിമല ക്ഷേത്രത്തിന്റെ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാണ്. ശബരിമലയിൽനിന്നുള്ള വരുമാനമാണ് ബോർഡിന്റെയും മറ്റ് നൂറു കണക്കിന് ക്ഷേത്രങ്ങളുടെയും നിലനിൽപ്പിന് ആധാരം. ഇതുകൊണ്ട് തന്നെയാണ് ബോര്‍ഡിനെതിരെ വിമര്‍ശനം ഉയര്‍ന്നതും.

Leave a Reply

Your email address will not be published. Required fields are marked *