ഓൺലൈൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളിൽ നിന്ന് നിയമവിരുദ്ധമായി അമിത ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നുവെന്ന പരാതിയിൽ കേന്ദ്ര സർക്കാർ കടുത്ത നടപടിയിലേക്ക്. ഡിജിറ്റൽ ട്രാവൽ ബുക്കിംഗ് രംഗത്തെ സുതാര്യതയില്ലായ്മയും ഉപഭോക്തൃ അവകാശ ലംഘനങ്ങളും മുൻനിർത്തി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. എയർലൈനുകൾ നിശ്ചയിച്ചിട്ടുള്ള യഥാർത്ഥ നിരക്കുകളേക്കാൾ കൂടുതൽ തുക ഇത്തരം തേർഡ് പാർട്ടി ആപ്പുകൾ ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്കും മന്ത്രാലയത്തിനും മന്ത്രി കർശന നിർദ്ദേശം നൽകി. ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം തെളിഞ്ഞാൽ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കർശനമായ ക്ലാസ് ആക്ഷൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും കാരണം ആഗോള ഊർജ്ജ വിപണിയിലും വ്യോമയാന മേഖലയിലും വലിയ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് ഈ പുതിയ വിവാദം. നിലവിൽ എയർലൈനുകളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വിമാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിമാനക്കമ്പനികളുടെ ഈ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ഡൽഹി സർക്കാർ എടിഎഫിന്റെ മൂല്യവർദ്ധിത നികുതി ആറ് മാസത്തേക്ക് 25 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറച്ചിരുന്നു. ഏകദേശം 985 കോടി രൂപയുടെ റവന്യൂ നഷ്ടം സഹിച്ചാണ് സർക്കാർ ഈ ഇളവ് നൽകിയത്. ഇത്തരം പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരായ യാത്രക്കാരെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ചേർന്ന് ചൂഷണം ചെയ്യുന്നത് തടയാനാണ് കേന്ദ്രത്തിന്റെ അടിയന്തര നീക്കം.
