Home » Blog » Kerala » ടെലിഫോൺ രേഖകൾ അവിഹിത ബന്ധത്തിന്റെ തെളിവായി കണക്കാക്കാനാകില്ല; ഭര്‍ത്താവിനെ കൊന്ന കേസില്‍ പ്രതികളെ വെറുതെവിട്ട ബോംബെ ഹൈകോടതി വിധി ശരിവെച്ച് സുപ്രീംകോടതി
6

ന്യൂഡൽഹി: ടെലിഫോൺ രേഖകൾ അവിഹിത ബന്ധമോ, കൊലപാതകത്തിനുള്ള പ്രേരണയോ ആയി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തി ഭർത്താവിനെ കൊന്ന കേസിൽ പ്രതികളെ വെറുതെവിട്ട ബോംബെ ഹൈകോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ടെലിഫോൺ രേഖകൾ ഹാജരാക്കിയതുകൊണ്ടുമാത്രം അവിഹിത ബന്ധമോ കൊലപാതകത്തിനുള്ള പ്രേരണയോ തെളിയിക്കാനാവില്ല. ശക്തമായ സംശയം ഉണ്ടായാലും അത് കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും കാമുകനും മറ്റൊരാളും ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുള്ള കേസിൽ കുറ്റകൃത്യത്തിന്റെ തുടർച്ച തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് പ്രതിയെ വെറുതെവിട്ട ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചത്. 2007ലാണ് ബാങ്ക് ഉദ്യോ​ഗസ്ഥനായ കിരൺ സൂര്യവൻഷി കൊല്ലപ്പെടുന്നത്. കേസിൽ പ്രതികളെ ഹൈകോടതി കുറ്റവിമുക്തരാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാരും ഇരയുടെ കുടുംബവും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബാങ്ക് ഉദ്യോഗസ്ഥനായ കിരണിനെ ഭാര്യ മോണിക കിരൺ സൂര്യവൻഷി ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാമുകൻ പ്രകാശ് നാഗ്‌രാജ് പാട്ടീൽ, സുഹൃത്ത് ജ്ഞാനേശ്വർ ഗംഗാറാം മഹാലെ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം ബൈക്കിൽ കടത്താൻ ശ്രമിക്കവെയാണ് പിടിയിലാകുന്നത്.