Home » Blog » kerala Max » ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാം തവണ, സാധാരണക്കാർ കടുത്ത പ്രതിസന്ധിയിൽ
cng

രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. ഇതോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 91.70 രൂപയായും വർധിച്ചു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് ഇന്ധന കമ്പനികൾ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ട്.

മെയ് 15-ന് 2 രൂപയും, മെയ് 17-ന് ഒരു രൂപയും, മെയ് 23-ന് ഒരു രൂപയും നേരത്തെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 2 രൂപയുടെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ശക്തമാണ്. സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകളും രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്