Home » Blog » kerala Max » ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ ; വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 147 റൺസ് വിജയം
17

നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ചാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഇന്ത്യയുയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റൺസെടുത്ത് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 147 റൺസിന്റെ വൻ വിജയം. ട്വന്റി20 ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

നേരത്തേ മലേഷ്യയ്ക്കെതിരെ ഇന്ത്യ 142 റൺസ് വിജയം നേടിയിരുന്നു. ഫൈനലിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തിലും മത്സരത്തിൽ നിയന്ത്രണം നേടാൻ സാധിച്ചില്ല. 21 പന്തില്‍ 29 റൺസടിച്ച ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. കവിഷ ദിൽഹരി (11), കൗശിനി നുത്യാംഗന (14) എന്നിവരും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നു. ഏഴു ശ്രീലങ്കൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്നും ശ്രേയാങ്ക പാട്ടീൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അർധ സെഞ്ചറിയുമായി തിളങ്ങി. 45 പന്തുകൾ നേരിട്ട സ്മൃതി ഏഴു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 79 റൺസാണ് അടിച്ചെടുത്തത്. 22 പന്തിൽ 49 റൺസുമായി റിച്ച ഘോഷും 29 പന്തിൽ 48 റൺസുമായി ഓപ്പണർ ഷെഫാലി വർമയും ബാറ്റിങ്ങില്‍ തിളങ്ങി.

മറ്റൊരു മത്സരത്തിൽ ബംഗ്ലദേശിനെ തോൽപിച്ച് പാക്കിസ്ഥാൻ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ വെങ്കലം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *