Home » Blog » kerala Max » വിനു മോഹനും വിദ്യയും വിവാഹ മോചിതരായി ; അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ
16

കൊച്ചി: മലയാള സിനിമയിലെ പ്രിയ താരദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവരുടെയും ദാമ്പത്യബന്ധം അവസാനിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്.

2013ലായിരുന്നു വിനു മോഹനും വിദ്യയും വിവാഹിതരായത്. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട ജോഡിയായി മാറിയിരുന്നു ഇരുവരും. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന താരദമ്പതികളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

എന്നാൽ, കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാതിരുന്നത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. വിനു മോഹൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽനിന്ന് വിദ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. അതേസമയം, വിദ്യയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും കാണാം. അക്കൗണ്ടിന്റെ പേരും ‘വിദ്യ വിനു മോഹൻ’ എന്നാണ്. വേർപിരിയലിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

‘നിവേദ്യം’ എന്ന സിനിമയിലൂടെയാണ് വിനു മോഹൻ നായകനായി അരങ്ങേറ്റം കുറിച്ചത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമാണ്. വിദ്യയാകട്ടെ നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ്. 2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ദണ്ഡയുതപാണി’യിലൂടെയാണ് വിദ്യ സിനിമയിലെത്തിയത്. 2009ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. തുടർന്ന് ‘ചെറിയ കള്ളനും വലിയ പോലീസും’, ‘മഹാരാജാ ടാക്കീസ്’ തുടങ്ങിയ ചിത്രങ്ങളുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും അഭിനയിച്ചു. സിനിമയ്ക്ക് പുറമെ തമിഴ്, മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *