
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ ഇ.ഡിയുടെ ശുപാർശ പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനും എംഎൽഎ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.
സിഎംആർഎല്ലിൽനിന്നു മകൾ വീണ വഴി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയത്. പിണറായിക്കും മുഹമ്മദ് റിയാസിനും വീണയ്ക്കും എതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഡിജിപി ഈ കത്ത് സർക്കാരിനു കൈമാറുകയായിരുന്നു. തുടർന്ന് നിയമോപദേശം തേടാനായിരുന്നു സർക്കാർ തീരുമാനം. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെയുള്ള അന്വേഷണമാകും നടത്തുകയെന്നാണു റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസിൽ ഇ.ഡി നടത്തിയ അന്വേഷണത്തിലാണ് സിഎംആർഎല്ലിൽനിന്നു വീണ വഴി പിണറായി വിജയൻ പണം കൈപ്പറ്റിയെന്നു കണ്ടെത്തിയത്. കൈക്കൂലിപ്പണം ഹവാല ഇടപാടുകൾ വഴി വിദേശത്തേക്കു കടത്തിയെന്നും ഇ.ഡി കണ്ടെത്തി. വീണയുടെ കൈപ്പടയിൽ എഴുതിയ കുറിപ്പുകളും ഇ.ഡി കണ്ടെത്തിയിരുന്നു. മുൻമന്ത്രി മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഹവാല ഇടപാട് നടത്തിയതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. കത്തു നൽകിയത്. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ അതിന്റെ അടിസ്ഥാനത്തിൽ ഈ കേസിലും ഇ.ഡിക്ക് ഇടപെടാൻ കഴിയും.
കേസിൽ എ.ജിയുടെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് അന്വേഷണം നടത്താൻ ഡിജിപിക്കു നിർദേശം നൽകിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് ഡിജിപി തീരുമാനിക്കും. പിഎംഎൽഎ കേസിൽ ലഭിച്ച തെളിവുകൾ 66(2) വകുപ്പ് പ്രകാരം പൊലീസിനു കൈമാറുകയെന്നത് ഇ.ഡിയുടെ ചുമതലയാണ്. അതുപ്രകാരമാണ് ഡിജിപിക്ക് അവർ കത്തു നൽകിയത്. അത്തരത്തിൽ നൽകുന്ന കത്ത് അവഗണിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ആ സാഹചര്യത്തിൽ സർക്കാരിന് ഇടപെടേണ്ടിവരും. തുടർന്നാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്വേഷണം നടത്താൻ ഡിജിപിക്കു നിർദേശം നൽകിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
