Home » Blog » Kerala » “ഉഷ്ണതരംഗം മറികടക്കാന്‍ പോക്കറ്റില്‍ ഒരു ഉള്ളി സൂക്ഷിച്ചാല്‍ മതി”; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ
14

ന്യൂഡല്‍ഹി: രാജ്യത്ത് വേനല്‍ച്ചൂട് ശക്തമാകുന്നതിനിടെ വിചത്രവാദവുമായി കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പോക്കറ്റില്‍ ഒരു ഉള്ളി കരുതിയാല്‍ മതിയെന്നാണ് സിന്ധ്യയുടെ കണ്ടെത്തൽ. ചൂട് കൂടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് സിന്ധ്യയുടെ വിചിത്രവാദം. ജനങ്ങള്‍ ചൂടിനെ നേരിടാന്‍ തന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. അതിന് മറുപടിയായി ഉള്ളി പോക്കറ്റില്‍ കരുതുകയെന്ന സന്ദേശമാണ് താന്‍ നല്‍കാറ്. എ.സി താന്‍ ഉപയോഗിക്കാറില്ലെന്നും സിന്ധ്യ പറഞ്ഞു.

ഇന്നത്തെക്കാലത്ത് എല്ലാവരും പെട്ടികള്‍ ചുമന്നാണ് നടക്കാറ്. എന്നാല്‍, വാര്‍ത്താവിനിമയ മന്ത്രി ഉള്ളിയാണ് കൊണ്ടുനടക്കുന്നത്. ഇതെല്ലാം പഴയ കാര്യങ്ങളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍ നാം ഇതൊന്നും മറന്ന് പോവാന്‍ പാടില്ലെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ച്ചൂട് കൂടുന്നതിനിടെയാണ് സിന്ധ്യയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഉഷ്ണതരംഗം അതിരൂക്ഷമാണ്. പലയിടത്തും താപനില 50 ഡിഗ്രിയിലേക്ക് അടുക്കുകയാണ്. ഇതിനിടയിലാണ് ചൂട് മറികടക്കാനുള്ള സിന്ധ്യയുടെ വിചിത്രവാദം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലാവുന്നത്.