Your Image Description Your Image Description

മയാമി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുൻപായി ലയണല്‍ മെസ്സി ഇന്റര്‍ മയാമി വിടുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് മറ്റൊരു ടീമിലേക്ക് ചേക്കേറാനാണ് മെസ്സിയുടെ തീരുമാനമെന്നാണ് വിവരം. 2023ല്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസ്സി ഇന്റര്‍ മയാമിയില്‍ എത്തിയത്. ഈ വര്‍ഷം തീരുന്ന കരാര്‍ മെസ്സി പുതുക്കിയേക്കില്ലെന്നാണ് വിവരം. യൂറോപ്പിലെ പ്രധാനപ്പെട്ടൊരു ടീമിലേക്ക് മാറി ലോകകപ്പിന് ഒരുങ്ങാനാണ് മെസ്സി ലക്ഷ്യമിടുന്നത്. ഇതോടെ അടുത്ത ലോകകപ്പില്‍ മെസ്സി കളിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍, ബാഴ്‌സലോണ തുടങ്ങിയ ക്ലബുകള്‍ക്ക് മെസ്സിയെ താല്‍പര്യമുണ്ടെന്നുള്ള വാര്‍ത്തകളും വന്നുതുടങ്ങി.

ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. അതിന് പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. പിഎസ്ജിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമി തോറ്റത്. യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത കളി പുറത്തെടുത്ത പിഎസ്ജി ആറാം മിനിറ്റില്‍ സ്‌കോറിംഗിന് തുടക്കമിട്ടു. യാവോ നെവസായിരുന്നു സ്‌കോറര്‍. 39-ാം മിനിറ്റില്‍ നെവസിന്റെ രണ്ടാം ഗോള്‍ പിറന്നു. 44-ാം മിനിറ്റില്‍ തോമസ് അവിലാസിന്റെ സെല്‍ഫ് ഗോള്‍ പിഎസ്ജിക്ക് കാര്യങ്ങള്‍ കൂടുതൽ എളുപ്പമാക്കി. ഇടവേളയ്ക്ക് തൊട്ടുമുന്നേ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി അഷ്റഫ് ഹക്കീമി. മെസ്സിയുടെ മുന്‍ ക്ലബായ പിഎസ്ജിയുടെ പോസ്റ്റിലേക്ക് മൂന്ന് ഷോട്ടുതിര്‍ക്കാൻ മാത്രമേ ഇന്റര്‍ മയാമിക്ക് കഴിഞ്ഞുള്ളൂ.

അതേസമയം, മറ്റൊരു മത്സരത്തില്‍ ഫ്ലെമിംഗോയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് ക്ലബ് ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ഹാരി കെയ്ന്റെ ഇരട്ട ഗോളുകളാണ് ബയേണിന് കരുത്തായത്. ആറാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ മുന്നിലെത്തിയിരുന്നു. പത്താം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളില്‍ ബയേണ്‍ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബയേണ്‍ മുന്നിലായിരുന്നു. എഴുപത്തി മൂന്നാം മിനിറ്റില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോളും നേടി ടീമിന്റെ വന്‍ ജയം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts