Home » Blog » kerala Max » ​’ഇതിഹാസത്തെ വെറും ആക്ഷൻ ഹീറോ കഥയാക്കി ചുരുക്കി?’; നോളന്റെ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി എമിലി വിൽസൺ
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-25-680x450

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് മാറ്റ് ഡാമൻ നായകനായ ‘ദി ഒഡീസി’ എന്ന ചിത്രത്തെ രൂക്ഷമായി വിമർശിച്ച് ഹോമറിന്റെ ഒഡീസിയുടെ ആദ്യ വനിതാ ഇംഗ്ലീഷ് വിവർത്തകയായ എമിലി വിൽസൺ. ലണ്ടൻ റിവ്യൂ ഓഫ് ബുക്സിൽ പ്രസിദ്ധീകരിച്ച നിരൂപണത്തിൽ, മഹത്തായ ഇതിഹാസത്തെ സിനിമ വെറും ആക്ഷൻ ഹീറോ കഥയാക്കി ചുരുക്കിയെന്നാണ് അവർ ആരോപിച്ചത്. യഥാർത്ഥ കാവ്യത്തിന്റെ സങ്കീർണതയും സാഹിത്യഗൗരവവും സിനിമയ്ക്ക് പകർത്താനായില്ലെന്നും അവർ പറഞ്ഞു.

നോളന്റെ സിനിമയ്ക്ക് തന്റെ വിവർത്തനമാണ് പ്രചോദനമെന്ന് സംവിധായകൻ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും, ചിത്രത്തിലെ ഒഡീസിയസ് യഥാർത്ഥ കഥാപാത്രത്തിന്റെ ആഴം നഷ്ടപ്പെട്ടവനാണെന്ന് എമിലി ചൂണ്ടിക്കാട്ടി. ഹോമറുടെ ഒഡീസിയസ് ധീരനായ യോദ്ധാവ് മാത്രമല്ല, തന്ത്രശാലിയും അതിജീവനത്തിന്റെ പ്രതീകവുമായ സങ്കീർണ മനുഷ്യനാണെന്നും, എന്നാൽ സിനിമയിൽ അദ്ദേഹത്തെ ഏകമാന ആക്ഷൻ ഹീറോയായി അവതരിപ്പിച്ചുവെന്നുമാണ് വിമർശനം.

ഒഡീസിയസിന്റെ ഭാര്യയായ പെനലോപ്പിയുടെ കഥാപാത്രത്തിനും സിനിമയിൽ വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നാണ് എമിലിയുടെ മറ്റൊരു പ്രധാന വിമർശനം. ഇരുപത് വർഷം സ്വന്തം കുടുംബത്തെയും രാജ്യത്തെയും പ്രതിസന്ധികൾക്കിടയിലൂടെ നയിച്ച സ്ത്രീയുടെ കഥയും യഥാർത്ഥ കാവ്യത്തിന്റെ ഹൃദയഭാഗമാണെന്നും, അത് സിനിമയിൽ ഏറെ വെട്ടിച്ചുരുക്കിയതിലൂടെ മൂലകൃതിയോട് നീതി പുലർത്തിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ തിരക്കഥ, കഥാപാത്രങ്ങളുടെ പ്രേരണകൾ, ആഖ്യാനരീതി എന്നിവയെയും എമിലി കടുത്ത ഭാഷയിൽ വിമർശിച്ചു. മാനസികവും വൈകാരികവും രാഷ്ട്രീയവുമായ ആഴം ചിത്രത്തിനില്ലെന്നും, കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിശ്വസനീയമായ കാരണങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. സിനിമയിലെ ഭക്ഷണരംഗങ്ങളും സെക്സ് സീനുകളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ യഥാർത്ഥ കാവ്യത്തിന്റെ ഭാവം പകർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന പരിഹാസവും അവർ ഉന്നയിച്ചു.

അതേസമയം, കടുത്ത വിമർശനങ്ങൾക്കിടയിലും ‘ദി ഒഡീസി’യുടെ റിലീസ് ഒരു വലിയ സാംസ്കാരിക സംഭവമാണെന്ന് എമിലി വിൽസൺ അംഗീകരിച്ചു. സിനിമയുടെ വിജയത്തെ തുടർന്ന് ഹോമറുടെ ഒഡീസി ഉൾപ്പെടെയുള്ള വിവർത്തനഗ്രന്ഥങ്ങളുടെ വിൽപന വർധിച്ചതായും, സാഹിത്യം, ഭാഷ, ചരിത്രം തുടങ്ങിയ വിഷയങ്ങളോടുള്ള പൊതുജന താൽപര്യം ഉയർത്താൻ ചിത്രത്തിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.