Home » Blog » kerala Max » സെലക്ഷൻ സമ്മർദ്ദങ്ങൾക്ക് വിരാമം; കർശന നിലപാടുമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ
SANJU-SAM-680x450

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വീണ്ടും വീണ്ടും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ ആദ്യമായി തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരിക്കാൻ താൽപര്യമില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട ‘എലിപ്പന്തയത്തിൽ’ നിന്ന് താൻ പിന്മാറുകയാണെന്നും സഞ്ജു വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ മനസ്സുതുറന്നത്.

ഇനി മുതൽ തന്റെ ക്രിക്കറ്റ് കരിയർ സ്വന്തം തീരുമാനങ്ങൾക്കനുസരിച്ചായിരിക്കുമെന്നും എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് രീതിയിൽ കളിക്കണമെന്നോ മറ്റാരും നിർദേശിക്കേണ്ട സാഹചര്യമില്ലെന്നും സഞ്ജു പറഞ്ഞു. “സഞ്ജുവിന് വേണ്ടി സഞ്ജു തന്നെയാണ് തീരുമാനമെടുക്കുക” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ കളി ആസ്വദിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ഇനി ആഗ്രഹമെന്നും താരം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു സഞ്ജു. സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസും ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ന്യൂസീലൻഡിനെതിരായ ഫൈനലിലും നേടിയ അർധസെഞ്ച്വറികളും അദ്ദേഹത്തെ ടൂർണമെന്റിലെ ശ്രദ്ധേയ താരമാക്കി. എന്നാൽ ലോകകപ്പിന് പിന്നാലെ അയർലൻഡും ഇംഗ്ലണ്ടും ഉൾപ്പെട്ട പര്യടനങ്ങളിൽ നാല് മത്സരങ്ങളിൽ നിന്ന് 35 റൺസ് മാത്രം നേടിയതോടെ വീണ്ടും ടീമിൽ നിന്ന് പുറത്താകേണ്ടിവന്നു

തുടർന്ന് സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. പകരം അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ടീമിൽ ഇടംപിടിച്ചു. തുടർച്ചയായ സെലക്ഷൻ തിരിച്ചടികൾക്കിടയിലും തന്റെ ശ്രദ്ധ ഇനി കളി ആസ്വദിക്കുന്നതിലായിരിക്കുമെന്ന് സഞ്ജു വ്യക്തമാക്കി. മികച്ച ടീം അംഗമായി തുടരാനും ലഭിക്കുന്ന അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താനുമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2028ലെ ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ടീമിന് തന്നെ ആവശ്യമുണ്ടെങ്കിൽ അവസരങ്ങൾ സ്വാഭാവികമായി ലഭിക്കുമെന്നും 31കാരനായ സഞ്ജു പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ കടുത്ത മത്സരങ്ങളിൽ അനാവശ്യ സമ്മർദ്ദം ഏറ്റെടുക്കുന്നതിനേക്കാൾ സ്വന്തം രീതിയിൽ കളിച്ചുകൊണ്ട് കരിയറിന്റെ ശേഷിക്കുന്ന വർഷങ്ങൾ ആസ്വദിക്കാനാണ് തന്റെ തീരുമാനമെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ബിസിസിഐ പരിഗണിക്കുന്ന പ്രധാന താരങ്ങളിലൊരാളായി സഞ്ജു സാംസണിന്റെ പേരും ഉയർന്നുവരുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പുതിയ പ്രതികരണം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.