അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കര്‍ രംഗത്ത്. അയര്‍ലന്‍ഡിനെതിരായ പരമ്പര 2-0നും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0നും ഇന്ത്യ കൈവിട്ടിരുന്നു. വിദേശ പിച്ചുകളിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ദയനീയ പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കെയാണ് ഗവാസ്കറുടെ വിലയിരുത്തൽ.
ഐപിഎല്ലിലെ ചെറിയ ബൗണ്ടറികളിലും ഫ്ളാറ്റ് പിച്ചുകളിലും കളിച്ച് ശീലിച്ച ബാറ്റര്‍മാര്‍ വിദേശ പിച്ചുകളിലെ വലിയ ബൗണ്ടറികളില്‍ പരാജയപ്പെടുന്നതാണ് യഥാര്‍ത്ഥ കാരണമെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ അല്പം പിഴച്ചുപോകുന്ന ഷോട്ടുകള്‍ പോലും ചെറിയ ബൗണ്ടറികൾ കാരണം സിക്സറോ ഫോറോ ആകുമ്പോൾ, വിദേശ രാജ്യങ്ങളിലെ വലിയ ബൗണ്ടറികളിൽ എത്തുമ്പോൾ ഇതേ ഷോട്ടുകൾ ഫീല്‍ഡര്‍മാരുടെ കയ്യിലൊതുങ്ങുന്നു.
വരുന്ന പുതിയ ഹോം സീസണിൽ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇതിനോട് ശീലപ്പെടുന്നതിനായി ബിസിസിഐ ഗ്രൗണ്ടുകളിലെ ബൗണ്ടറിയുടെ വലിപ്പം വര്‍ധിപ്പിക്കണമെന്ന് ഗവാസ്കര്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയങ്ങളിലെ പരസ്യ ബോര്‍ഡുകള്‍ക്ക് പിന്നിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി ബൗണ്ടറി വലിപ്പം കൂട്ടാമെന്നും, ഇത് ബാറ്റര്‍മാരെ സഹായിക്കുന്നതിന് പുറമെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കും അനുകൂലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
