
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽനിന്ന് മട്ടണും മീനും പൂർണമായി ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ ശിപാർശ. മട്ടന്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതായുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. മട്ടനു പകരം ചിക്കന്‍, മുട്ട എന്നിവ നല്‍കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിന് ഇതുസംബന്ധിച്ച നിർദേശം കൈമാറിയത്.
നിലവിൽ ശനിയാഴ്ചകളിൽ മട്ടണും ആഴ്ചയിൽ രണ്ട് ദിവസം മീനുമാണ് തടവുകാർക്ക് നൽകിയിരുന്നത്. എന്നാൽ ഇതിനുപകരം ചിക്കനും മുട്ടയും ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. മട്ടൺ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീൻ വാങ്ങാൻ 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. മട്ടണ്‍ പകരം ചിക്കൻ നൽകുന്നതിലൂടെ 1.26 കോടി രൂപയുടെയും മീനിന് പകരം മുട്ട നൽകുന്നതിലൂടെ 3.44 കോടി രൂപയുടെയും ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കുന്നു.
