Home » Blog » kerala Max » ആലുവയിൽ കാണാതായ പെൺകുട്ടിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയായ 25കാരൻ പൊലീസ് കസ്റ്റഡിയിൽ
missing

കേരളത്തെ ഞെട്ടിച്ചുകൊണ്ട് എറണാകുളം ആലുവയിൽ നിന്നും നാലു ദിവസങ്ങൾക്ക് മുമ്പ് കാണാതായ 12 വയസുകാരിയെ മഹാരാഷ്ട്രയിലെ പൂനെയിൽ കണ്ടെത്തി. പൂനെ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന നിസാമുദ്ദീൻ എക്സ്പ്രസിൽ വെച്ച് വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൊല്ലം സ്വദേശിയായ 25കാരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ് ഒടുവിൽ കുട്ടിയെ കണ്ടെത്താൻ നിർണായകമായത്.

കഴിഞ്ഞ ശനിയാഴ്ച കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മയുടെ മൊബൈൽ ഫോണും കുട്ടി കൈവശം കരുതിയിരുന്നു. പിന്നീട് ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ആയത് പൊലീസിന്റെ അന്വേഷണത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് കുട്ടി ഈ യുവാവുമായി സൗഹൃദത്തിലായതെന്നാണ് ലഭ്യമായ സൂചന. എന്നാൽ ഇത്തരമൊരു സൗഹൃദത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ കുട്ടിയുടെ വീട്ടുകാർക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. കുട്ടിയെ കണ്ടെത്താനായി മാത്രം ആലുവ പൊലീസിന്റെ രണ്ട് പ്രത്യേക സംഘം കഠിനമായ തിരച്ചിലാണ് നടത്തിയിരുന്നത്.