Your Image Description Your Image Description

ഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് ടെക് കമ്പനികളുടെ പട്ടികയില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ലിസ്റ്റ് ചെയ്ത മുന്‍നിര 30 ആഗോള ടെക്നോളജി കമ്പനികളുടെ പട്ടികയിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചിരിക്കുന്നത്. എഐ ടെക്നോളജി അതിവേഗത്തില്‍ സ്വീകരിക്കുകയും സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ ക്രമം നിശ്ചയിച്ചിട്ടുള്ളത്.

മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റ പ്ലാറ്റ്ഫോംസ്, ടെസ്‌ല, ബ്രോഡ് കോം തുടങ്ങിയ അമേരിക്കൻ ടെക്നോളജി ഭീമന്മാരാണ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്ളത്. തായ്‌വാന്റെ ടിഎസ്എംസി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുണ്ട്. ചൈനയിലെ ടെന്‍സന്റ് പത്താം സ്ഥാനത്താണ്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 23ാം സ്ഥാനത്താണുള്ളത്. 1995 മുതല്‍ 2025 വരെയുള്ള 30 വര്‍ഷത്തിനിടെ അഞ്ച് കമ്പനികള്‍ക്ക് മാത്രമാണ് പട്ടികയില്‍ സ്ഥിരമായി ഇടംപിടിക്കാന്‍ സാധിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ്, ഓറക്കിള്‍, സിസ്‌കോ, ഐബിഎം, എടിആന്‍ഡ് ടി തുടങ്ങിയവയാണ് ഈ കമ്പനികള്‍.

പട്ടികയിലെ പുതു കമ്പനികളെന്ന നിലയിലാണ് എന്‍വിഡിയ, ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റ, ടെസ്‌ല, ആലിബാബ, സെയ്ല്‍സ്ഫോഴ്സ്, ചൈന മൊബൈല്‍ എന്നിവയ്ക്കൊപ്പം റിലയന്‍സും ഇടം പിടിച്ചിരിക്കുന്നത്. 1995ല്‍ ഏറ്റവും മൂല്യവത്തായ ടെക് കമ്പനികളില്‍ 53 ശതമാനവും 2025ല്‍ 70 ശതമാനവും അമേരിക്കയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 1995ല്‍ മികച്ച ടെക് കമ്പനികളില്‍ 30 ശതമാനം കേന്ദ്രീകരിച്ചത് ജപ്പാനിലായിരുന്നു. 2025ല്‍ അത് പൂജ്യമായി മാറി. യുകെ, സിംഗപ്പൂര്‍, ഹോങ്കോംഗ്, മെക്സിക്കോ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കമ്പനികള്‍ വീതം 1995ല്‍ പട്ടികയില്‍ ഇടം നേടിയിരുന്നെങ്കിലും ഇപ്പോള്‍ ഒന്ന് പോലും പട്ടികയില്‍ ഇല്ല.

ഈ വര്‍ഷം ചൈനയില്‍ നിന്ന് മൂന്ന് കമ്പനികളും ജര്‍മ്മനിയില്‍ നിന്ന് രണ്ട് കമ്പനികളും തായ്‌വാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കമ്പനി വീതവും പട്ടികയില്‍ ഇടം നേടി. ഏറ്റവുമധികം ചാറ്റ് ജിപിടി മൊബൈല്‍ ആപ്പ് ഉപയോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ എഐ വികസിപ്പിച്ച എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ പ്രതിമാസ സജീവ ഉപയോക്താക്കളില്‍ 13.5 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts