
ഇറാനുമായുള്ള അതിർത്തികൾ അടച്ചതിനു പിന്നാലെ പാചകവാതക വില കുതിച്ചുയർന്നതോടെ പ്രതിസന്ധിയിലായി പാകിസ്ഥാൻ. 12 കിലോഗ്രാം എൽപിജി സിലിണ്ടറിന് 13,000 പാകിസ്ഥാൻ രൂപ വരെ വില ഉയർന്നേക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് ഒരാഴ്ച മുൻപ് അടച്ച ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ വീണ്ടും തുറക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. കാരണങ്ങൾ വ്യക്തമായി പ്രഖ്യാപിക്കാതെയായിരുന്നു ആദ്യം അതിർത്തികൾ അടച്ചത്. സുരക്ഷാ കാരണങ്ങളാണ് പാകിസ്ഥാനി അധികൃതർ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടിയത്. സാങ്കേതിക കാരണങ്ങളെന്നാണ് ഇറാന്റെ വിശദീകരണം.
പ്രതിദിനം ഏകദേശം 7,000 ടൺ എൽപിജിയാണ് ഇറാനിൽ നിന്ന് പാകിസ്ഥാൻ വാങ്ങിയിരുന്നത്. അതിർത്തി അടച്ചതോടെ ബലൂചിസ്ഥാനിൽ 12 കിലോഗ്രാം സിലിണ്ടറിന്റെ വില 4,500 പാക്കിസ്ഥാനി രൂപയിൽ നിന്ന് 7,000 രൂപയായി ഉയർന്നു. സ്കർദുവിൽ വില 8,200 രൂപയിലെത്തി. ചില പ്രദേശങ്ങളിൽ 10,000 രൂപയ്ക്കാണ് വിൽപന നടന്നത്. വില 13,000 പാകിസ്ഥാൻ രൂപയിലേക്ക് എത്തുമെന്ന ആശങ്കയ്ക്കിടെയാണ് അതിർത്തി വീണ്ടും തുറക്കാനുള്ള തീരുമാനം. ഗ്വാദർ മേഖലയിലെ ഗബ്ദ്-റിംദാൻ ചെക്ക് പോയിന്റ് ഗേറ്റ് 250 എന്നും അറിയപ്പെടുന്നു. അതിർത്തി അടച്ചതോടെ ഇരുവശത്തും ചരക്കു ട്രക്കുകൾ കുടുങ്ങിക്കിടന്നിരുന്നു. ശനിയാഴ്ച മുതൽ വ്യാപാര ഇടപാടുകൾ പുനരാരംഭിച്ചതായി ഗ്വാദർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് നവീദ് ജാൻ കൽമാട്ടി അറിയിച്ചു. അതിർത്തി തുറന്നത് വ്യാപാരികൾക്കും ട്രക്ക് ഉടമകൾക്കും ഡ്രൈവർമാർക്കും ആശ്വാസമാകുമെന്നും എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുറയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
