
സുൽത്താൻപൂർ: ഉത്തർപ്രദേശിലെ പൂർവ്വാഞ്ചൽ എക്സ്പ്രസ്വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. അകമ്പടി വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അമിത്ഷാക്കെതിരായ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് സുൽത്താൻപുരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് വിവരം. രാഹുൽ ഗാന്ധി സുരക്ഷിതനാണ്.
ലഖ്നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹാലിയാപ്പൂരിൽ വെച്ചായിരുന്നു അപകടം. ലഖ്നൗ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം 135 കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂരിലേക്ക് പോവുകയായിരുന്നു വാഹനവ്യൂഹം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 35 കിലോമീറ്റർ മാത്രം അകലെ വെച്ചാണ് കൂട്ടിയിടിയുണ്ടായത്. അകമ്പടി സേവിച്ചിരുന്ന സ്കോർപിയോ ഉൾപ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് ആംബുലൻസുമായി കൂട്ടിയിടിച്ചത്.
