Your Image Description Your Image Description

ഭോപ്പാല്‍: മധുവിധുയാത്രയ്ക്കിടെ മേഘാലയയില്‍ ഭർത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശി(29)യെ കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്‌വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് ഇൻഡോർ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രാജേഷ് ദാന്ദോതിയ പറഞ്ഞു.

വിവാഹത്തിനു മുൻപുതന്നെ സോനത്തിന് രാജ് കുശ്‌വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ രാജ്. എന്നാൽ, വീട്ടുകാർ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു.

മേയ് പതിനൊന്നാം തീയതിയായിരുന്നു രാജയും സോനവും തമ്മിലുള്ള വിവാഹം. ഏഴുദിവസം കഴിഞ്ഞ് മേയ് 18-ന് രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വിശാല്‍ ചൗഹാന്‍, അനന്ത് കുമാര്‍, ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്‌ക്കെടുത്തു. മേയ് ഇരുപതാം തീയതിയാണ് രാജയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടത്. അവിടെ മധുവിധുയാത്രയ്ക്കിടെ തങ്ങളുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങൾ കൊലയാളികള്‍ക്ക് നൽകിയത് സോനമായിരുന്നു.

സോനം സ്വമേധയാ കീഴടങ്ങിയതിന് പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികളായ രാജ് കുഷ്‌വാഹയെയും വിശാലിനെയും ഇന്ദോറില്‍നിന്നും ആകാശിനെ ലളിത്പുരില്‍നിന്നും ആനന്ദിനെ ബിനയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.

മേയ് 23-നാണ് സോഹ്‌രയില്‍നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാര്‍ത്ത പുറത്തെത്തിയത്. ഒരാഴ്ചയ്ക്കപ്പുറം ജൂണ്‍ രണ്ടാംതീയതി രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്‌സാവഡോങ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് കണ്ടെത്തി. സോനത്തിനെ കാണാതാവുകയും ചെയ്തിരുന്നു. ഇതോടെ സംഭവം വലിയ മാധ്യമശ്രദ്ധ നേടുകയും പഴുതടച്ചുള്ള അന്വേഷണം പോലീസ് ആരംഭിക്കുകയും ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഉത്തര്‍ പ്രദേശിലെ ഘാസിപുരിലെ നന്ദ്ഗഞ്ജില്‍നിന്ന് സോനത്തെ കണ്ടെത്തിയത്. കരഞ്ഞുകൊണ്ട് സോനം തന്റെ അടുത്തുവരികയും കുടുംബവുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രദേശത്തെ ഭക്ഷണശാല ഉടമ സാഹില്‍ യാദവ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കൊടുത്തതിന് പിന്നാലെ സോനം വിളിക്കുകയും പോലീസ് വരുന്നതുവരെ അവിടെത്തന്നെ ഇരിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി പോലീസ് അവരെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് അധികമൊന്നും സംസാരിക്കാന്‍ സോനം കൂട്ടിക്കിയില്ലെന്നാണ് റിപ്പോർട്ട്.

രാജയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഘാസിപുര്‍ പോലീസ് സോനത്തെ മേഘാലയ പോലീസിന് കൈമാറും. മധുവിധുയാത്രയ്ക്കിടെ സോനത്തിനും രാജയ്ക്കുമൊപ്പം മൂന്ന് പുരുഷന്മാരെകൂടി കണ്ടിരുന്നെന്ന ട്രെക്കിങ് ഗൈഡിന്റെ മൊഴിക്ക് പിന്നാലെയാണ് സോനവും രാജും ഏര്‍പ്പെടുത്തിയ വാടകക്കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് മേഘാലയ പോലീസ് മേധാവി ഐ. നോങ്‌രാങ് പറഞ്ഞു. രാജ മൂന്ന് പുരുഷന്മാര്‍ക്കൊപ്പം മുന്‍പിലും സോനം പിന്നിലും നടക്കുന്നത് കണ്ടെന്നും ഗൈഡ് മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts