Your Image Description Your Image Description

തൃശൂർ: അധ്യാപകൻ ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഒരു അധ്യാപകന് അഭിപ്രായം പറയാൻ പാടില്ലേയെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻഷോട്ട് ഇട്ട അധ്യാപകനെതിരെ എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പലർക്കും പല അഭിപ്രായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജ്മെന്റിനെ നേരിട്ട് വിളിച്ചാണ് നടപടിയെടുക്കാൻ നിർദേശിച്ചത്. അത് തെറ്റായ നടപടിയാണെന്നും അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സ്കൂളുകളിൽ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ടി കെ അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ടി കെ അഷ്റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു. പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ ടികെ അഷ്‌റഫ് വിമര്‍ശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ സൂംബ പരിശീലനം വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts