ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സുബീഷ് സുധി നായകനായി അരങ്ങേറ്റം കുറിച്ച ‘ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമ വരുത്തിവെച്ച വലിയ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് വെളിപ്പെടുത്തി. സുബീഷും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിട്ടും തിയേറ്ററുകളിൽ സാമ്പത്തിക വിജയം കൈവരിച്ചില്ല. ഇതോടെ ലക്ഷങ്ങളുടെ കടബാധ്യതയിലായ താരത്തിന്റെ വീട് ജപ്തിയുടെ വക്കിലാണെന്നും സിനിമയ്ക്കായി പണം നൽകിയവർ നൽകിയ കേസിൽ വാറണ്ട് നിലവിലുള്ളതിനാൽ ഏത് നിമിഷവും ജയിലിൽ പോകേണ്ടി വരുമെന്നും സുബീഷ് ഫേസ്ബുക്കിൽ കുറിച്ചു.
കടക്കാരുടെ ഫോൺ കോളുകൾ കാരണം ജീവിതം ദുസ്സഹമായതായും വിഷമഘട്ടത്തിൽ കൂടെയുണ്ടായിരുന്നവർ പോലും കൈവിട്ടതായും സുബീഷ് വേദനയോടെ പങ്കുവെച്ചു. മാനസികമായി തകർന്ന താൻ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആത്മഹത്യയ്ക്ക് മുമ്പ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശം ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് ഉദ്യോഗസ്ഥർ സുബീഷിനെ വിളിപ്പിച്ചു സംസാരിക്കുകയും ‘ധൈര്യമായി മുന്നോട്ട് പോകണം, ആരെങ്കിലും സഹായിക്കാതിരിക്കില്ല’ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തതാണ് ജീവിതത്തിലേക്ക് തിരികെ വരാൻ പ്രചോദനമായതെന്ന് അദ്ദേഹം ഓർക്കുന്നു.
സിനിമയുടെ പേര് മാറ്റം, റിലീസിന് തൊട്ടുമുൻപ് തിരക്കഥാകൃത്തിന്റെ മരണം തുടങ്ങി നിരവധി പ്രതിസന്ധികൾ ചിത്രം നേരിട്ടിരുന്നു. കടം വീട്ടാൻ ബോംബെയിൽ പോയി സിനിമ വിൽക്കാൻ ശ്രമിച്ചെങ്കിലും അവിടെയും വഞ്ചിക്കപ്പെടുകയായിരുന്നു. ഒരടി പോലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലും ഇനിയും പ്രതീക്ഷയുണ്ടെന്ന് സുബീഷ് പറയുന്നു. അതിജീവനത്തിന്റെ ചരിത്രമുള്ള കേരളം തന്നെ കൈവിടില്ലെന്നും സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമെന്നുമുള്ള പ്രതീക്ഷയോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
