Home » Blog » kerala Max » ഐപിജി ഗ്രൂപ്പിന് നാസ്‌ഡാക് കമ്പനിയില്‍ നിന്ന് മള്‍ട്ടി-മില്യണ്‍ ഡോളര്‍ ഫണ്ടിംഗ്
IMG-20260616-WA0016

തിരുവനന്തപുരം: ലങ്ക പ്രീമിയര്‍ ലീഗിന്‍റെ ആറാം സീസണ്‍ ജൂലൈ 10-ന് ആരംഭിക്കാനിരിക്കെ ലീഗിന്‍റെ പ്രൊമോട്ടര്‍മാരായ ഇന്നൊവേറ്റീവ് പ്രൊഡക്ഷന്‍ ഗ്രൂപ്പിന് വമ്പന്‍ സാമ്പത്തിക പിന്തുണ ലഭിച്ചു. യുഎസ് ആസ്ഥാനമായുള്ള ലിസ്റ്റഡ് കമ്പനിയുമായി ചേര്‍ന്നാണ് ഐപിജി മള്‍ട്ടി-മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് സ്വന്തമാക്കിയത്. പുതിയ ഫണ്ടിംഗും പങ്കാളിത്തവും ലീഗിന്‍റെ ആഗോള വിപുലീകരണത്തിനും മികച്ച സാമ്പത്തിക സമാഹരണത്തിനും ഡിജിറ്റല്‍ നവീകരണത്തിനും വഴിയൊരുക്കും.

എന്‍എഎസ്‌ഡിഎക്യുയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുജിആര്‍ഒ പ്ലാറ്റ്ഫോമിന്‍റെ ഭാഗമായ ഫ്ളാഷ് സ്പോര്‍ട്സ് & മീഡിയയുമായി തന്ത്രപ്രധാനമായ ഓഹരി ലയനം ഐപിജി ഇതിനകം പൂര്‍ത്തിയാക്കി. ഈ പുതിയ നിക്ഷേപത്തിന്‍റെ പിന്‍ബലത്തില്‍ ലങ്ക പ്രീമിയര്‍ ലീഗ് കൂടുതല്‍ മികച്ചതാക്കുന്നതിനായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐപിജി 20 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിക്കും. ലങ്ക പ്രീമിയര്‍ ലീഗിന്‍റെ ബൗദ്ധിക സ്വത്തവകാശം ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനാണെങ്കിലും ഇതിന്‍റെ എക്സ്ക്ലൂസീവ് കൊമേഴ്സ്യല്‍, മീഡിയ അവകാശങ്ങള്‍ ഐപിജിക്കാണ് നിലവിലുള്ളത്.

ലങ്ക പ്രീമിയര്‍ ലീഗിന് പുറമെ മലേഷ്യ, സിംബാബ്വെ എന്നിവിടങ്ങളിലെ ടി20 ലീഗുകള്‍ വികസിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല എക്സ്ക്ലൂസീവ് കരാറുകളും ഐപിജി ഗ്രൂപ്പിനുണ്ട്. അതിവേഗം വളരുന്ന ഈ പുതിയ ക്രിക്കറ്റ് വിപണികളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഐപിജിയും നിക്ഷേപകരും ലക്ഷ്യമിടുന്നു. ബ്രോഡ്കാസ്റ്റ് പ്രൊഡക്ഷന്‍ 4കെ നിലവാരത്തിലേക്ക് ഉയര്‍ത്താനും, ലീഗുകളിലുടനീളമുള്ള സ്പോണ്‍സര്‍ഷിപ്പ് വരുമാനം കേന്ദ്രീകരിക്കാനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പുതിയ മാറ്റത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ലങ്ക പ്രീമിയര്‍ ലീഗായിരിക്കുമെന്ന് ഐപിജി ഗ്ലോബല്‍ സ്ഥാപകനും ചെയര്‍മാനുമായ അനില്‍ മോഹന്‍ പ്രതികരിച്ചു. മികച്ച സുതാര്യതയും വര്‍ദ്ധിച്ച മൂലധനവും വഴി ഫ്രാഞ്ചൈസികളുടെ മൂല്യം ഉയര്‍ത്താന്‍ ഈ മാറ്റം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ക്രിക്കറ്റ് സമ്പദ്വ്യവസ്ഥകളില്‍ ഒരേസമയം പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ കഴിവിനെ ഈ ലയനം ത്വരിതപ്പെടുത്തുമെന്ന് ഫ്ളാഷ് സ്പോര്‍ട്സ് & മീഡിയ സിഇഒ ബ്രാഡ്ലി നാട്രാസ് പറഞ്ഞു.

ലീഗിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഘട്ടം ഘട്ടമായി മൂലധനം വിനിയോഗിക്കാന്‍ പുതിയ പബ്ലിക് മാര്‍ക്കറ്റ് ഘടന സഹായിക്കുമെന്ന് ഫ്ളാഷ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എറിക് ഷെര്‍ബ് കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല വാണിജ്യ വികസനം ശക്തിപ്പെടുത്തുന്നതിലും ആവര്‍ത്തിച്ചുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ കെട്ടിപ്പടുക്കുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.