ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ ‘മാർച്ച് ഫോർ ലൈഫ്’ റാലിയിൽ ഗർഭഛിദ്രത്തിനെതിരെ നടത്തിയ പ്രസ്താവനകൾ വലിയ രാഷ്ട്രീയ, സാമൂഹിക വിവാദങ്ങൾക്ക് തിരികൊളുത്തി. ഓഗസ്റ്റ് 8, 9 തീയതികളിൽ ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിൽ മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത് നാഷണൽ മാർച്ച് ഫോർ ലൈഫ് റാലിയിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് സ്പീക്കർ വിവാദ പരാമർശം നടത്തിയത്. “ജീവിതം ഗർഭധാരണത്തിൽ നിന്നാണ് ആരംഭിക്കുന്നത്” എന്ന് പ്രഖ്യാപിച്ച പ്രഭാകർ, രാജ്യ നിലവിലുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (MTP) നിയമത്തെയും രൂക്ഷമായി വിമർശിച്ചു. അയ്യായിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു സ്പീക്കറുടെ ഗർഭഛിദ്ര വിരുദ്ധ നിലപാട്.
സ്പീക്കറുടെ പ്രസ്താവനയ്ക്കെതിരെ അവകാശ പ്രവർത്തകരും പുരോഗമന പ്രസ്ഥാനങ്ങളും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ പ്രത്യുൽപാദന സ്വയംഭരണവും സുരക്ഷിതമായ ഗർഭഛിദ്രത്തിനുള്ള അവകാശവും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശമായി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ 2021-ലെ ചരിത്രപരമായ വിധി ഉദ്ധരിച്ചാണ് ഇവർ പ്രതിഷേധം ഉയർത്തുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ രാജ്യത്തെ നിയമങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരായ ഇത്തരം നിലപാടുകൾ പരസ്യമായി പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു.
പ്രതിപക്ഷ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയും ഡിഎംകെ നേതാക്കളും സ്പീക്കറുടെ നടപടിയെ ശക്തമായി അപലപിച്ചു. ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെയുള്ള മുദ്രാവാക്യങ്ങൾക്ക് സ്പീക്കർ പിന്തുണ നൽകിയത് തികച്ചും വിവാദപരമാണെന്ന് ബിജെപി നേതാവ് നാരായണൻ തിരുപ്പതി പറഞ്ഞു. നിയമപരമായി അംഗീകരിക്കപ്പെട്ട ഗർഭഛിദ്രത്തെ “കൊലപാതകം” എന്ന് വിശേഷിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർന്ന വേദിയിൽ സ്പീക്കർ പങ്കെടുത്തത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
