Your Image Description Your Image Description

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാകത്തിൽ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ താമരശ്ശേരി പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ സ്വീകരിച്ചിട്ടില്ല. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നതും നീട്ടിയിരുന്നു.

കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ തടഞ്ഞുവെച്ചിരുന്ന പത്താംക്ലാസ് പരീക്ഷഫലം പുറത്തുവിട്ടത്. ഫലം പുറത്തുവിടാനും ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കാനും സൗകര്യം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts