വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍

നടന്‍ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍. ഫെയ്‌സ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.

‘വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല.’-ചന്തു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘അയാളിതുവരെ പോയിട്ടുള്ള പരിപാടികള്‍ എല്ലാം ഒന്നല്ലെങ്കില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ അല്ലെങ്കില്‍ സാമൂഹികസമ്മേളനങ്ങള്‍. അവിടെയെല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തി വെക്കു എന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞു മനസ്സിലാക്കാനും പറ്റുകയുള്ളു. ഡ്രഗ്‌സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാല്‍, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്‌നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?’-ചന്തു മറ്റൊരു കമന്റായി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ പേര് പരാമര്‍ശിക്കാതെ വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് ചര്‍ച്ചയായതോടെ ഈ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *