Your Image Description Your Image Description

ജയ്പൂപൂര്‍: സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണെന്നും രാഹുൽ ദ്രാവിഡ്. വാർത്താ സമ്മേളനത്തിലാണ് തങ്ങൾക്കെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾക്ക് പ്രതികരണവുമായി രാഹുൽ ദ്രാവിഡ് എത്തിയത്. ഡൽഹിക്കെതിരെ ജയിക്കാമായിരുന്ന കളി സൂപ്പർ ഓവറിൽ തോറ്റതോടെയാണ് രാജസ്ഥാൻ നായകൻ സഞ്ജുവും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

നാടകീയ തോൽവിക്ക് ഒടുവിൽ തനിച്ചു നിൽക്കുന്ന സഞ്ജുവിന്‍റെ ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.സൂപ്പർ ഓവറിൽ ബാറ്റർമാരുടെ തെരഞ്ഞെടുപ്പിലടക്കം ദ്രാവിഡ് സഞ്ജുവുമായി കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു പ്രചാരണം. സംഭവം വിവാദമായതോടെയാണ് രാഹുൽ ദ്രാവിഡ് മറുപടിയായി രംഗത്തെത്തിയത്.

എവിടെ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ വരുന്നതെന്ന് എനിക്കറിയില്ല. ഞാനും സഞ്ജുവും ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. സഞ്ജു ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ടീമിന്‍റെ എല്ലാ തീരുമാനങ്ങളിലും സഞ്ജുവും പങ്കാളിയാണ്. കളിയില്‍ ജയവും തോൽവിയും ഉണ്ടാകാം. തോല്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. അതിന് മികച്ച പ്രകടനങ്ങളിലൂടെയാണ് ഞങ്ങള്‍ മറുപടി നല്‍കുക. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. ടീമിന്‍റെ ആവേശത്തില്‍ കുറവു വന്നിട്ടില്ലെന്നും രാജസ്ഥാൻ റോയൽസ് ഒറ്റക്കെട്ടാണെന്നും രാഹുൽ ദ്രാവി‍ഡ് പറഞ്ഞു.

ഡല്‍ഹിക്കെതിരായ മത്സരം ടൈ ആയശേഷം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നൊരു വീഡിയോ ദൃശ്യമാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് കാരണമായത്. സൂപ്പര്‍ ഓവറിന് മുമ്പ് ഡഗ് ഔട്ടില്‍ കോച്ച് രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍ താരങ്ങളും ടീം ഹര്‍ഡിലില്‍ ചൂടേറിയ ചര്‍ച്ച നടത്തുന്നതിനിടെ ഇതിലൊന്നും പങ്കെടുക്കാതെ മാറിനടക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഒന്നും വേണ്ടെന്ന തരത്തില്‍ സഞ്ജു കൈ കൊണ്ട് ആരോടോ ആംഗ്യം കാണിക്കുന്നതും സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.ടീം അംഗങ്ങളും കോച്ചും ചൂടേറിയ ചര്‍ച്ച നടത്തുന്നതിനിടെ ക്യാപ്റ്റന്‍ ഇതിലൊന്നും ഇടപെടാതെ മാറി നടക്കുന്നത് ടീമിലെ ഭിന്നതക്ക് തെളിവാണെന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

തുടർച്ചയായ മൂന്ന് മത്സരങ്ങളും തോറ്റ് രാജസ്ഥാൻ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്ന് ലക്നൗവിനെതിരെ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയലായി തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts