Your Image Description Your Image Description

കൊച്ചി: മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിൽ വീണ്ടും സമയം ചോദിച്ച് കേന്ദ്ര സർക്കാർ രം​ഗത്ത്. മന്ത്രാലയങ്ങൾ തമ്മിൽ ഇത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാമെന്നും കേന്ദ്ര സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള 120 കോടി രൂപ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.എം.മനോജ് എന്നിവരുടെ ബെഞ്ച് ഇന്ന് അനുവദിച്ചിട്ടുണ്ട്.

അതേസമയം നേരത്തെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന പതിമൂന്നാം വകുപ്പ് ദുരന്തനിവാരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. അതോറിറ്റിയിൽ നിന്ന് നിയമാധികാരം എടുത്തുമാറ്റിയെങ്കിലും കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നത്.

തുടർന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ഇക്കാര്യം ചോ​ദിച്ചത്. മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുകയാണെന്നും തീരുമാനം അറിയിക്കാൻ 3 ആഴ്ച കൂടി സമയം വേണമെന്നുമാണ് അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ.സുന്ദരേശൻ കോടതിയെ അറിയിച്ചത്. ഇനിയും സമയം വേണോ എന്ന് കോടതി തിരികെ ആരാഞ്ഞതോടെ 2 ആഴ്ചയെങ്കിലും സമയം അനുവദിക്കണമെന്നും താൻ ഇക്കാര്യം വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് 2 ആഴ്ച കൂടി സമയം അനുവദിച്ചിരിക്കുന്നത്. കൂടാതെ പുനരധിവാസം സംബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ സമിതി ഇതിന്റെ ചിത്രങ്ങളും വീഡിയോയും കോടതിയിൽ സമർപ്പിക്കുയും ചെയ്തു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള 120 കോടി രൂപ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇക്കാര്യം അനുവദിച്ച കോടതി രണ്ടാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts