Your Image Description Your Image Description

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്‌സവമായ വർണ്ണക്കുടയുടെ സ്‌പെഷ്യൽ എഡിഷൻ അരങ്ങേറുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട മധുരം ജീവിതം ലഹരിമുക്തി അവബോധരൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണം. ഓണംകളി മത്സരം, ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, പൊതുജനങ്ങൾക്കും കുടുംബശ്രീ പോലുള്ള സംഘങ്ങൾക്കും ക്ലബ്ബുകൾക്കും വെവ്വേറെ മത്സരങ്ങൾ എന്നിവയോടെയാണ് ലഹരിമുക്ത ഇരിങ്ങാലക്കുടയ്ക്കായുള്ള ‘മധുരം ജീവിതം’ വർണ്ണക്കുട എഡിഷൻ ഒരുങ്ങുന്നത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം ഇവയിൽ പങ്കാളിത്തമുണ്ടാകും.

ആഗസ്റ്റ് 31ന് പതിനായിരം ബോധവത്കരണ പൂക്കളങ്ങളുമായി ‘പൂക്കാലം’ പരിപാടി ഒരുക്കും. കലാ-സാംസ്‌കാരിക-ശാസ്ത്ര സംഘടനയായ 0480യുമായി സഹകരിച്ചാണ് ബ്ലൂം എഗൈൻസ്റ്റ് ഡ്രഗ്സ് എന്ന ആശയത്തെ മുൻനിർത്തിയുള്ള ബോധവത്കരണ പൂക്കളങ്ങൾ ഒരുക്കൽ. സെപ്റ്റംബർ ഒന്നിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലായിരിക്കും രചനാമത്സരങ്ങൾ. സെപ്റ്റംബർ രണ്ടിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നാടൻപാട്ട് മത്സരം അരങ്ങേറും. സെപ്റ്റംബർ മൂന്നിന് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് ഓണംകളി മത്സരം നടക്കും.

സ്‌കൂൾ തലത്തിലും കോളേജ്‌ തലത്തിലും പ്രസംഗം, ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന മത്സരങ്ങൾ നടക്കും. സ്‌കൂൾ-കോളേജ് തലങ്ങളിലെ മത്സരങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് മണ്ഡലംതല മത്സരത്തിൽ മാറ്റുരയ്ക്കുക. സീനിയർ വിഭാഗക്കാർക്ക് രചനാ മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ അവസരം നൽകും.

ഗ്രാമീണ ആവിഷ്‌കാരങ്ങൾക്ക് കൂടുതൽ വേദിയൊരുക്കുന്ന ഈ വർണ്ണക്കുടയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം നാടൻപാട്ട് മത്സരം ഉണ്ടാകും. ഗ്രൂപ്പ് ഇന മത്സരങ്ങളിൽ ക്ലബ്ബുകൾ, നാടൻപാട്ട് സംഘങ്ങൾ, കുടുംബശ്രീ സംഘങ്ങൾ, പഞ്ചായത്ത്-മുനിസിപ്പൽ തല ടീമുകൾ എന്നിവർക്ക് മത്സരിക്കാൻ അവസരമുണ്ടാകും. മറ്റു ഇനങ്ങളിലും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ മത്സരങ്ങൾ ഉണ്ടാകും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സ്‌കൂൾ, കോളേജ് തല മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അതാത് സ്ഥാപനങ്ങളിൽ പേരുകൾ നൽകിയാൽ മതിയാകും. സീനിയർ വിഭാഗം രചനാ മത്സരങ്ങൾ, ഓണംകളി, നാടൻപാട്ട് എന്നിവയ്ക്കുള്ള മത്സരാർത്ഥികൾ 2025 ഓഗസ്റ്റ് 25ന് മുമ്പായി madhuramjeevitham@gmail.com എന്ന വിലാസത്തിൽ പേരും ഫോൺ നമ്പറും മത്സരിക്കുന്ന ഇനങ്ങളും അറിയിക്കണം. ഓണംകളി മത്സരത്തിൽ ഒരു ടീമിൽ പതിനഞ്ചു പേരിൽ കുറയാത്ത അംഗങ്ങളും നാടൻപാട്ടിൽ ഏഴുപേരിൽ കുറയാത്ത അംഗങ്ങളും ഉണ്ടാകണം. മത്സരങ്ങളുടെയും പരിപാടികളുടെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

ഓണം നാളുകളിൽ ഈ ലഹരിവിമുക്തിയുടെ സന്ദേശം വ്യാപകമാക്കി എത്തിക്കാൻ ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണമായി വർണ്ണക്കുട ആഘോഷമൊരുക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

 

 

Related Posts