Home » Blog » Kerala » റഷ്യൻ സൈന്യത്തിൽ 217 ഇന്ത്യൻ പൗരന്മാർ ചേർന്നതായി കേന്ദ്ര സർക്കാർ; ഇവരിൽ 9 പേർ കൊല്ലപ്പെടുകയും 6 പേരെ കാണാതാകുകയും ചെയ്തു.
2

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സേനയിൽ ചേർന്ന ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച ഗുരുതര വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആകെ 217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേർന്നതായി കേന്ദ്രം വ്യക്തമാക്കി. ഇവരിൽ 49 പേർ കൊല്ലപ്പെട്ടതായും ആറുപേരെ കാണാതായതായും റഷ്യൻ അധികൃതർ അറിയിച്ചതായി കേന്ദ്രത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 23 പേരുടെ നിലവിലെ സ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

റഷ്യയുമായി നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം ഇന്ത്യയിലെത്തിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു. മോസ്‌കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികാരികളുമായി നിരന്തരമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റഷ്യയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്റ്റാറ്റസ് റിപ്പോർട്ട് നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രത്തിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയാണ് ഹാജരായത്.

കാണാതായവരെ കണ്ടെത്താനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നതിനായി 21 കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ റഷ്യൻ അധികാരികൾക്ക് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും കുടുംബങ്ങളെ സ്ഥിരമായി വിവരമറിയിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജിയിൽ 26 പേരെ നാട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇവരിൽ 14 പേർ മരിച്ചതായും 11 പേരെ കാണാതായതായും റഷ്യൻ അധികൃതർ അറിയിച്ചതായി കേന്ദ്രം പറഞ്ഞു. ഒരാൾ ലൈംഗിക പീഡനക്കേസിൽ എട്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.