ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാംപ്രതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ കർണാടക പൊലീസ് വയനാട്ടിൽ നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ടാണ് അറസ്റ്റ് നടന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ട്രാൻസിറ്റ് വാറന്റിൽ ഇയാളെ കർണാടകത്തിലേക്ക് കൊണ്ടുപോയി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
മേയ് 12-നായിരുന്നു സംഭവം. ബെംഗളൂരുവിൽ പഠിക്കുന്ന 20-കാരിയായ യുവതി സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു. അസ്വസ്ഥതയെ തുടർന്ന് താമസസ്ഥലത്ത് വിശ്രമിക്കുമ്പോൾ ഹൈനസ് അവിടെയെത്തിയെന്നും, സുഹൃത്തുക്കൾ പുറത്തുപോയ സമയത്ത് മുറിയിൽ കയറി തന്നെ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിന് പിന്നാലെ മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്നും, പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അപമാനിക്കാനുമാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും യുവതി ആരോപിച്ചു.
തുടർന്ന് യുവതിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിച്ചു. ഡിസിപിയുടെ നിർദേശത്തെ തുടർന്ന് അതേ ദിവസം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
