
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് വിവരം.. ഉച്ചയോടെ തൃശൂരിലെത്തുന്ന അദ്ദേഹം കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
എല്ലാ വർഷവും കല്യാൺ ജ്വല്ലേഴ്സിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾ നടത്താറുണ്ട്. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ മുൻവർഷങ്ങളിലും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ ആഘോഷങ്ങളിൽ നേരത്തെ എത്തിയിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയുടെ ആദ്യ കേരള സന്ദർശനമാണിത്. രണ്ടുവർഷം മുമ്പ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.
