Home » Blog » Kerala » യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എറണാകുളത്ത് റെയിൽവേ ലൈൻ അറ്റകുറ്റപ്പണി; മെയ് 27 മുതൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം.
train-680x450

എറണാകുളം ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ ജൂൺ 3 വരെ ട്രെയിൻ സർവ്വീസുകൾക്ക് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. യാത്രാക്ലേശം പരമാവധി ഒഴിവാക്കാനായി രാത്രികാലങ്ങളിലാണ് അറ്റകുറ്റപ്പണികൾ ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഗുരുവായൂർ-ചെന്നൈ എഗ്മൂർ, മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകൾ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴി തിരിച്ചുവിടും. ചില ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ വൈകിയോടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. കോട്ടയം വഴി തിരിച്ചുവിടുന്ന ട്രെയിനുകൾക്ക് യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

 

മെയ് 27 മുതൽ ജൂൺ 3 വരെയുള്ള ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) കോട്ടയം വഴി തിരിച്ചുവിടും. ഇതിന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്ന‍ൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മെയ് 28, 30 തീയതികളിലെ തിരുവനന്തപുരം നോർത്ത്‌–മംഗളൂരു ജങ്‌ഷൻ അന്ത്യോദയ എക്‌സ്‌പ്രസ്‌ (16355) ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്) വഴി സർവീസ് നടത്തും. മെയ് 29-ലെ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16603) എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ വഴിയും, അതേദിവസത്തെ ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി എക്‌സ്‌പ്രസ്‌ (22207) എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ വഴിയും തിരിച്ചുവിടുന്നതാണ്.

 

സർവീസ് വൈകിയോടുന്ന ട്രെയിനുകളിൽ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16603) മെയ് 27 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ 40 മിനിറ്റോളം വൈകിയായിരിക്കും ഓടുക. കൂടാതെ, മെയ് 29-ന് സർവീസ് നടത്തുന്ന മംഗളൂരു ജങ്‌ഷൻ–കൊച്ചുവേളി എക്‌സ്‌പ്രസ്‌ (16356) നിശ്ചിത സമയത്തേക്കാൾ അരമണിക്കൂർ (30 മിനിറ്റ്) വൈകിയോടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.